രാജ്കോട്ട്: ഗ്രൂപ് റൗണ്ടിൽ ഒരു കളിപോലും തോൽക്കാതിരുന്നിട്ടും രഞ്ജി ട്രോഫിയിൽ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്താവാനായിരുന്നു കേരളത്തിന്റെ വിധി. എലീറ്റ് എ ഗ്രൂപ്പിൽ അതിനിർണായകമായ അവസാന കളിയിൽ മധ്യപ്രദേശിനെതിരെ സമനില നേടുകയും ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങാതിരിക്കുകയും ചെയ്തിട്ടും റൺ ശരാശരിയിൽ പിന്നിലായതാണ് കേരളത്തിന് വിനയായത്. ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടമായതും കേരളത്തിന് തിരിച്ചടിയായി.
കേരളത്തിനും മധ്യപ്രദേശിനും 14 പോയന്റാണ്. എന്നാൽ, റൺ ശരാശരിയിൽ മധ്യപ്രദേശ് (2.147) കേരളത്തെ (1.648) പിന്തള്ളി. ആദ്യ ഇന്നിങ്സിൽ 585/9 എന്ന കൂറ്റൻ സ്കോറുയർത്തിയ മധ്യപ്രദേശിനെതിരെ പൊരുതിനിന്ന കേരളം 432/9 എന്ന സ്കോറിൽ നിൽക്കയാണ് കളി സമനിലയിലായത്.
കേരളത്തിനായി ഓപണർ പി. രാഹുലും (136) ക്യാപ്റ്റൻ സചിൻ ബേബിയും (114) സെഞ്ച്വറി നേടി. അവസാന ദിനം ഒരു ഘട്ടത്തിൽ രണ്ടിന് 369 എന്ന കരുത്തുറ്റ സ്കോറിലായിരുന്ന കേരളം നോക്കൗട്ട് പ്രതീക്ഷയിലായിരുന്നു. കൂടുതൽ വിക്കറ്റ് നഷ്ടമാവാതെ കുറച്ചുകൂടി സ്കോർ മുന്നോട്ടുകൊണ്ടുപോകാനായിരുന്നെങ്കിൽ കേരളത്തിന് റൺ ശരാശരിയിൽ മധ്യപ്രദേശിനെ മറികടക്കാമായിരുന്നു. എന്നാൽ, പൊടുന്നനെ തുടരെ വിക്കറ്റുകൾ നഷ്ടമായ കേരളം ബാക്ഫൂട്ടിലായി.
മധ്യനിരയെയും വാലറ്റത്തേയും പിടിച്ചുനിൽക്കാൻ മധ്യപ്രദേശ് അനുവദിച്ചില്ല. ഈശ്വർ പാണ്ഡെ, അനുഭവ് അഗർവാൾ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളം മേഘാലയയെ 166 റൺസിന് തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഗുജറാത്തിനെ എട്ട് വിക്കറ്റിനും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.