ജയ്പുർ: രഞ്ജി ട്രോഫി എലീറ്റ് സി ഗ്രൂപ് മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് സമനില. ഒന്നാമിന്നിങ്സ് ലീഡ് നേടിയ രാജസ്ഥാൻ നാലു പോയന്റ് കരസ്ഥമാക്കി. കേരളത്തിന് ഒരു പോയന്റും. രണ്ടു മത്സരങ്ങളിൽ 13 പോയന്റുമായി ഛത്തീസ്ഗഢാണ് ഗ്രൂപ്പിൽ മുന്നിൽ. കർണാടകക്ക് 10 പോയന്റുണ്ട്. കേരളം ഏഴു പോയന്റുമായി മൂന്നാമതാണ്.
ആദ്യ ഇന്നിങ്സിൽ 337 റൺസെടുത്ത രാജസ്ഥനെതിരെ കേരളം 306ന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ എട്ടിന് 306 റൺസെടുത്ത രാജസ്ഥാൻ 395 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചെങ്കിലും എട്ടിന് 299 റൺസെടുക്കാനേ കേരളത്തിനായുള്ളൂ. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സചിൻ ബേബിയാണ് രണ്ടാം വട്ടവും കേരളത്തിന്റെ ടോപ്സ്കോറർ (139 പന്തിൽ 81 നോട്ടൗട്ട്). ക്യാപ്റ്റൻ സഞ്ജു സാംസണും (53 പന്തിൽ 69) ഓപണർ പി. രാഹുലും (70 പന്തിൽ 64) അർധ സെഞ്ച്വറി നേടി. രാഹുലും സഞ്ജുവും സചിൻ ബേബിയും ആഞ്ഞടിച്ചതോടെ തുടക്കത്തിൽ വിജയത്തിനായി ശ്രമിച്ച കേരളത്തിന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി.
ഒരു ഘട്ടത്തിൽ 50 ഓവറിൽ എട്ടിന് 269 എന്ന നിലയിൽ കേരളം പരാജയഭീതിയിലായെങ്കിലും അഭേദ്യമായ ഒമ്പതാം വിക്കറ്റിന് 103 പന്തിൽ 30 റൺസ് ചേർത്ത് സചിൻ ബേബിയും എം.ഡി. നിധീഷും (38 പന്തിൽ പുറത്താവാതെ രണ്ട്) ടീമിനെ രക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.