രഞ്ജി ട്രോഫി: രോഹന്‍ പ്രേമിന് സെഞ്ച്വറി; കേരളത്തിന് മികച്ച തുടക്കം

തിരുവനന്തപുരം: ഇടവേളക്കുശേഷം ടീമിൽ മടങ്ങിയെത്തിയ സീനിയർ ബാറ്റർ രോഹൻ പ്രേം പുറത്താകാതെ നേടിയ സെഞ്ച്വറി മികവിൽ ഗോവക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ഭേദപ്പെട്ട നിലയിൽ. തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആദ്യദിനം കളി അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലാണ് ആതിഥേയർ.

112 റൺസുമായി പുറത്താകാതെ നിൽക്കുന്ന രോഹൻ പ്രേമിന്‍റെ മികവാണ് കേരളത്തെ മാന്യമായ സ്കോറിൽ എത്തിച്ചത്. ഇന്ത്യൻ ട്വന്‍റി 20 ടീമിൽ ഇടം നേടിയ സഞ്ജു സാംസണ് പകരം കേരളത്തെ നയിക്കുന്ന സിജോമോൻ ജോസഫ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പി. രാഹുലും രോഹൻ എസ്. കുന്നുമ്മലും മികച്ച തുടക്കം നൽകുമെന്ന പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 25 ലെത്തിയപ്പോൾ വൈസ് ക്യാപ്റ്റൻ രോഹനെ കേരളത്തിന് നഷ്ടമായി.

ഏകദിന ശൈലിയിൽ ബാറ്റ് വീശി 25 പന്തിൽ മൂന്ന് ഫോർ അടക്കം 20 റൺസ് നേടിയ രോഹനെ ഏക്നാഥിന്‍റെ കൈകളിലെത്തിച്ച് ലക്ഷയ് എ. ഗാർഗ് ഗോവക്ക് പ്രതീക്ഷ നൽകി. പിന്നീട് ക്രീസിലെത്തിയ രോഹൻ പ്രേം രാഹുലുമായി ഇന്നിങ്സ് മുന്നോട്ട് നീക്കി. സ്കോർ 74 ൽ എത്തിയപ്പോൾ ശുഭംദേശായി 31 റൺസെടുത്ത രാഹുലിനെയും പുറത്താക്കി.

പിന്നീടെത്തിയ സച്ചിൻ ബേബിയുമായി രോഹൻ തീർത്ത 105 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇന്നിങ്സിന്‍റെ നട്ടെല്ലായത്. സ്കോർ 179 റൺസിലെത്തിയപ്പോൾ രണ്ട് സിക്സർ ഉൾപ്പെടെ 46 റൺസ് നേടിയ സച്ചിൻ ബേബിയെ അമോഗ്ദേശായിയുടെ കൈകളിൽ എത്തിച്ച് എസ്.ഡി. ലാഡ് കൂട്ടുകെട്ട് തകർത്തു. ഷോൺ റോജർ ആറ് റൺസെടുത്തു പുറത്തായി. അക്ഷയ്ചന്ദ്രനെ കൂട്ടുപിടിച്ച് രോഹൻ സെഞ്ച്വറിയും രഞ്ജി ട്രോഫിയിൽ 5000 റൺസും പൂർത്തിയാക്കി. 238 പന്തിൽ 14 ഫോറും ഒരു സിക്സും അടങ്ങിയതാണ് രോഹന്‍റെ ഇന്നിങ്സ്.

രണ്ടുവർഷത്തെ ഇടവേളക്കുശേഷം കേരള ടീമിൽ മടങ്ങിയെത്തിയ രോഹൻ ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കളി അവസാനിക്കുമ്പോൾ രണ്ട് റൺസ് നേടിയ ക്യാപ്റ്റൻ സിജോമോൻ ജോസഫാണ് രോഹൻ പ്രേമിനൊപ്പം ക്രീസിൽ. ഗോവക്കുവേണ്ടി ബൗളിങ് ഓപൺ ചെയ്ത സചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർക്ക് വിക്കറ്റ് നേടാനായില്ല. 14 ഓവർ ബൗൾ ചെയ്ത അർജുൻ 45 റൺസാണ് വിട്ടുകൊടുത്തത്. സന്ദർശകർക്കുവേണ്ടി ശുഭം ദേശായി രണ്ടും ലക്ഷയ് എ. ഗാർഗ്, മോഹിത് റേഡ്കർ, എസ്.ഡി. ലാഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - Ranji Trophy: Rohan Prem's century; Good start for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.