ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യമായി വനിത അമ്പയർമാർ കളി നിയന്ത്രിച്ചുതുടങ്ങി. വൃന്ദ രതി, ജനനി നാരായണൻ, ഗായത്രി വേണുഗോപാലൻ എന്നിവരാണ് ചൊവ്വാഴ്ച ചരിത്രത്തിലേക്ക് നടന്നുകയറിയത്. ജാംഷഡ്പുരിൽ തുടങ്ങിയ ഝാർഖണ്ഡ്-ഛത്തിസ്ഗഢ് കളിയിൽ അമ്പയറാണ് ഗായത്രി.
സൂറത്തിൽ റെയിൽവേസ്-ത്രിപുര മത്സരം ജനനിയും പോർവോറിമിൽ ഗോവ-പുതുച്ചേരി അങ്കം വൃന്ദയും നിയന്ത്രിക്കുന്നു. പുരുഷന്മാരുടെ മത്സരത്തിലും വനിതകൾ അമ്പയർമാരാകണമെന്ന ബി.സി.സി.ഐ തീരുമാനത്തിന്റെ ഭാഗമായാണ് മൂന്നുപേരും രഞ്ജിയിലൂടെ അരങ്ങേറിയത്.
അമ്പയറാകണമെന്ന ആഗ്രഹവുമായി തമിഴ്നാട് സ്വദേശിനിയായ ജനനി പലതവണ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. പിന്നീട് തമിഴ്നാട് അസോസിയേഷൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇതോടെയാണ് സോഫ്റ്റ് വെയർ എൻജിനീയറായ 36കാരി ജോലി ഉപേക്ഷിച്ച് ബി.സി.സി.ഐ ലെവൽ 2 അമ്പയറിങ് പരീക്ഷ ജയിച്ച് ഈ രംഗത്തേക്കു വരുന്നത്.
മുംബൈയിലെ മൈതാനങ്ങളിൽനിന്ന് ഉയർന്നുവന്ന വൃന്ദ, 2013ലെ വനിത ലോകകപ്പിൽ സ്കോററായിരുന്നു. പിന്നീടാണ് അമ്പയറിങ്ങിലേക്ക് 32കാരിയുടെ ആഗമനം. ഡൽഹിക്കാരിയായ ഗായത്രിക്ക് ക്രിക്കറ്ററാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പരിക്ക് തിരിച്ചടിയായി. 2019ൽ അമ്പയറിങ് രംഗത്തേക്ക്. രഞ്ജി ട്രോഫിയിൽ റിസർവ് അമ്പയറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.