തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ ആദ്യ ഇന്നിങ്സില്‍ 162ന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റെടുത്ത് ജലജ് സക്സേന, രണ്ട് വിക്കറ്റുമായി ബേസില്‍ തമ്പി, ഓരോ വിക്കറ്റ് വീതം നേടി ആസിഫ് കെ.എം അപരാജിത്, സര്‍വതെ എന്നിവരാണ് ഉത്തര്‍പ്രദേശിനെ പ്രതിരോധത്തിലാക്കിയത്. സ്കോര്‍ 129ൽ നിൽക്കെ ഒമ്പത് വിക്കറ്റ് നഷ്ടമായ ഉത്തര്‍പ്രദേശിനെ 150 കടത്തിയത് ശിവം ശര്‍മയും ആക്വിബ് ഖാനും ചേർന്ന കൂട്ടുകെട്ടാണ്. 30 റണ്‍സെടുത്ത ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്കോറര്‍.
ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടിയതോടെ രഞ്ജി ട്രോഫിയില്‍ ആറായിരം റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമായി സക്സേന മാറി. തുമ്പ സെന്റ് സേവ്യര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഉത്തര്‍പ്രദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആര്യന് ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും സ്കോര്‍ 29ല്‍ നിൽക്കെ ജുയാലിനെ സക്സേന ക്ലീന്‍ ബൗള്‍ഡാക്കി.
ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ പ്രിയം ഗാര്‍ഗിനെ കെ.എം ആസിഫും മടക്കി. നീതീഷ് റാണയും മാധവ് കൗഷിക്കും ചേർന്ന് ഉത്തര്‍പ്രദേശ് സ്കോര്‍ 50 കടത്തി. വൈകാതെ സക്സേനയുടെ പന്തില്‍ മുഹമ്മദ് അസറുദ്ദീന് ക്യാച്ചെടുത്ത് മാധവ് കൗഷിക്കിനെ പുറത്താക്കി. സമീര്‍ റിസ്വിയുടെ വിക്കറ്റ് ബേസില്‍ തമ്പിയും വീഴ്ത്തി.
ഉച്ചഭക്ഷണത്തിന് മുന്നെ സിദ്ധാർഥ് യാദവിനെയും സക്സേന പുറത്താക്കി. യു.പി സ്കോര്‍ 129 എത്തിയപ്പോള്‍ തുടരെ നഷ്ടമായത് രണ്ട് വിക്കറ്റുകൾ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്. രോഹന് കുന്നുമ്മലിന്റെയും വത്സല്‍ ഗോവിന്ദിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.