ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ ബാറ്റർ ഋതുരാജ് ഗെയ്ക്‍വാദ്. അഞ്ച് മത്സരങ്ങളിൽ 55.75 ശരാശരിയിൽ 223 റൺസ് അടിച്ചുകൂട്ടിയ യുവതാരം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ട്വന്റി 20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ 2021ൽ നേടിയ 218 റൺസാണ് പഴങ്കഥയായത്. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ 12 പന്തിൽ 10 റൺസെടുത്ത് പുറത്തായെങ്കിലും റെക്കോഡ് മറികടക്കാൻ ഋതുരാജിനായി. 159.29 ആയിരുന്നു പരമ്പരയിലെ സ്ട്രൈക്ക് റേറ്റ്.
ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒറ്റ ബാളും നേരിടാനാവാതെ റണ്ണൗട്ടായി മടങ്ങിയ ഋതുരാജ് രണ്ടാം മത്സരത്തിൽ 43 പന്തിൽ 58 റൺസും മൂന്നാം മത്സരത്തിൽ 57 പന്തിൽ 123 റൺസും നാലാമത്തേതിൽ 28 പന്തിൽ 32 റൺസും നേടിയിരുന്നു.
ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ആറ് റൺസിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തപ്പോൾ ആസ്ട്രേലിയയുടെ മറുപടി എട്ടിന് 154ൽ അവസാനിച്ചു. 37 പന്തിൽ 53 റൺസെടുത്ത ശ്രേയസ് അയ്യരും മുന്ന് വിക്കറ്റ് നേടിയ മുകേഷ് കുമാറുമാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.