അഫ്ഗാനിസ്താന്റെ സെമി ഫൈനൽ പ്രവേശനത്തിന് പിന്നാലെ കണ്ണീരണിഞ്ഞ് റാഷിദ് ഖാൻ. ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാൻ സെമിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഗ്രൗണ്ടിലിരുന്ന് റാഷിദ് ഖാൻ കരഞ്ഞത്. മത്സരശേഷം ബ്രയാൻ ലാറയാണ് ശരിയെന്ന് തെളിയാക്കാൻ തങ്ങൾക്കായെന്നായിരുന്നു റാഷിദ് ഖാന്റെ ആദ്യ പ്രതികരണം.
അഫ്ഗാനിസ്താൻ സെമിയിലെത്തുമെന്ന് പ്രവചിച്ച ഏകവ്യക്തി ലാറയായിരുന്നു. വെൽക്കം പാർട്ടിയിൽ തങ്ങൾ അദ്ദേഹത്തെ കണ്ടപ്പോൾ വാക്കുകൾ യാഥാർഥ്യമാക്കുമെന്ന് പറഞ്ഞു. ഇതിഹാസ താരമായ ലാറയിൽ നിന്നും നല്ല വാക്കുകൾ ലഭിച്ചപ്പോൾ അത് തങ്ങൾക്ക് പ്രചോദനകരമായെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്കും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് തെളിയിക്കാൻ മത്സരത്തിലൂടെ സാധിച്ചു. ചിലപ്പോൾ മോശം സമയമുണ്ടാവാം. പക്ഷേ അതിൽ നിന്നും ശക്തമായി തിരികെ വരാൻ തങ്ങൾക്ക് കഴിയുമെന്നും അതിന്റെ തെളിവാണ് ഈ മത്സരമെന്നും റാഷിദ് ഖാൻ പറഞ്ഞു. അഫ്ഗാനിൽ നിന്നും വരുന്ന യുവതാരങ്ങൾക്ക് സെമി ഫൈനൽ വലിയ പ്രചോദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തകർപ്പൻ ബൗളിങ്ങിലൂടെ ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടിയാണ് അഫ്ഗാൻ സൂപ്പർ എട്ടിലെ ജയവും സെമി പ്രവേശനവും ആഘോഷിച്ചത്. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 115 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മഴ കാരണം ഡി.എൽ.എസ് നിയമപ്രകാരം ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 19 ഓവറിൽ 113 റൺസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.