മുംബൈ: രവീന്ദ്ര ജദേജയുടെ മാസ്മരിക പ്രകടനത്തിന് മുമ്പിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മുട്ടുമടക്കി. 28 പന്തിൽ 62 റൺസുമായി ചെന്നൈക്കായി റൺമല ഉയർത്തിയ ജദേജ 14 റൺസ് വഴങ്ങി മൂന്നുവിക്കറ്റും നേടി ബാംഗ്ലൂരിന്‍റെ കഥകഴിക്കുകയായിരുന്നു. വിജയത്തിലേക്ക് 192 റൺസ് തേടിയിറങ്ങിയ ബാംഗ്ലൂരിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനേ ആയുള്ളൂ. അഞ്ചുമത്സരങ്ങളിൽ നിന്നുമുള്ള ബാംഗ്ലൂരിന്‍റെ ആദ്യ പരാജയമാണിത്. ജയത്തോടെ ചെന്നൈ പോയന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. ഇരു ടീമുകൾക്കും എട്ടുപോയന്‍റുണ്ടെങ്കിലും റൺറേറ്റിൽ ചെന്നൈ ആണ് മുമ്പിൽ.
മികച്ച സ്കോർ തേടിയിറങ്ങിയ ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കൽ മികച്ച തുടക്കമാണ് നൽകിയത്. 15 പന്തിൽ 34 റൺസെടുത്ത ദേവ്ദത്തിന്റെ ബാറ്റിങ്ങിൽ ബാംഗ്ലൂർ റൺറേറ്റ് കുതിച്ചു. എന്നാൽ തൊട്ടുപിന്നാലെെയത്തിയ ബാംഗ്ലൂരിന്‍റെ വമ്പൻമാർക്ക് പിഴച്ചു. വിരാട് കോഹ്ലി (8), വാഷിങ്ടൺ സുന്ദർ (7), െഗ്ലൻ മാക്സ്വെൽ (22), എ.ബി ഡിവില്ലിയേഴ്സ് (4), ഡാനിയൽ ക്രിസ്റ്റ്യൻ (1), കൈൽ ജാമിസൺ (16) എന്നിങ്ങനെയാണ് ബാംഗ്ലൂർ ബാറ്റിങ് നിരയുടെ സംഭാവന. ഡിവില്ലിയേഴ്സിനെയും മാക്സ്വെല്ലിനെയും കുറ്റിതെറുപ്പിച്ച് മടക്കിയ ജദേജ വാഷിങ്ടൺ സുന്ദറിനെ ഗെയ്ക്വാദിന്റെ കൈകളിലുമെത്തിച്ചു. ഡാനിയൽ ക്രിസ്റ്റ്യെന റൺഔട്ടാക്കിയ അതിവേഗ ത്രോയും ജദേജയുടെ സംഭാവനായിരുന്നു.
ചെന്നൈക്കായി അവസാന ഓവറിൽ 37 റൺസ് അടിച്ചുകൂട്ടിയ രവീന്ദ്ര ജദേജ തണുത്തെന്നു കരുതിയ ചെന്നൈ ഇന്നിങ്സിനെ 191റൺസെന്ന കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു. 28 പന്തിൽ നിന്നും 62 റൺസെടുത്ത ജദേജയുടെ ഉഗ്രൻ പ്രകടനത്തിൽ ബാംഗ്ലൂർ ഒരുവേള സ്തബ്ധരായി. മത്സരത്തിൽ നന്നായി പന്തെറിഞിരുന്ന ഹർഷൽ പേട്ടൽ അവസാന ഓവറിൽ തല്ല് ചോദിച്ചുവാങ്ങുകയായിരുന്നു. അഞ്ച് സിക്സറും ഒരു ബൗണ്ടറിയും അടക്കമായിരുന്നു ജദേജയുടെ സംഹാരതാണ്ഡവം. ഫുൾടോസുകളും നോബോളുമെറിഞ്ഞ ഹർഷൽ പേട്ടൽ ചെന്നൈ ആഗ്രഹിച്ച അവസാന ഓവർ പൂർത്തീകരിച്ചാണ് മടങ്ങിയത്. 6, 6, 6+Nb, 6, 2, 6, 4 എന്നിങ്ങനെയായിരുന്ന അവസാന ഓവറിലെ റണ്ണൊഴുക്ക്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെെന്നെ ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് നഷ്ടപ്പെടാതെ 74 റൺസിലെത്തിയ ചെന്നൈ കൂറ്റൻ സ്കോർ ലക്ഷ്യമിട്ടിരുന്നെങ്കിലും പതിയെ ബാംഗ്ലൂർ മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇവിടെനിന്നായിരുന്നു ജദേജ ആളിക്കത്തിയത്. ചെന്നൈയുടെ ഫോമിലുള്ള ഓപ്പണർമാരായ റൃഥുരാജ് ഗെയ്ക്വാദ് 33ഉം ഫാഫ് ഡുെപ്ലസിസ് 50ഉം റൺസെടുത്തു. സുരേഷ് റെയ്ന (24), അമ്പാട്ടി റായുഡു (14), എം.എസ് ധോണി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.