പരിക്കേറ്റ ദിനേശ് കാർത്തിക്ക് പുറത്തിരിക്കും; പകരം ഋഷഭ് പന്ത്

സിഡ്നി: ദക്ഷിണാഫ്രിക്കക്കെതിരായ കളിയിൽ പരിക്കേറ്റ വിക്കറ്റ് കീപർ ബാറ്റ്സ്മാൻ ദിനേശ് കാർത്തികിന് പകരം ഋഷഭ് പന്തിനെ തിരിച്ചുവിളിച്ച് ടീം ഇന്ത്യ. ബുധനാഴ്ച അഡ്ലെയ്ഡിൽ ബംഗ്ലദേശിനെതിരെ കാർത്തിക് കളിക്കില്ലെന്നുറപ്പായി. ഫോം കണ്ടെത്താനാകാതെ ഉഴറിയ കാർത്തികിനെതിരെ സെവാഗ്, ഗംഭീർ തുടങ്ങി മുൻനിര താരങ്ങളടക്കം രംഗത്തുവന്നിരുന്നു. അതേ സമയം, മോശം ഫോമിൽ തുടരുന്ന കെ.എൽ രാഹുലിനെ അടുത്ത കളിയിലും നിലനിർത്തുമെന്നാണ് സൂചന.

ദക്ഷിണാഫ്രിക്കക്കെതിരായ കളിയുടെ അവസാനത്തിലാണ് കാർത്തികിന് പുറംവേദന അനുഭവപ്പെട്ടത്. 16ാം ഓവറിന്റെ തുടക്കത്തിൽ കടുത്ത വേദന വന്ന് മടങ്ങിയതിനെ തുടർന്ന് ഋഷഭ് പന്താണ് ഇന്നിങ്സ് പൂർത്തിയാക്കിയത്.

പന്തിനെ വിളിച്ച് ടീം ബാറ്റിങ്ങിനെ ശക്തിപ്പെടുത്തണമെന്ന മുറവിളികൾ പരിഗണിച്ച് വരുംമത്സരങ്ങളിൽ കാർത്തികിന് വിശ്രമം നൽകുമെന്നാണ് വിവരം. രണ്ടു കളികളിലായി ഏഴു റൺസായിരുന്നു കാർത്തികിന്റെ സമ്പാദ്യം. പാകിസ്താനെതിരെ രണ്ടു പന്ത് മാത്രമാണ് താരം പിടിച്ചുനിന്നത്. മുഹമ്മദ് നവാസിന്റെ പന്തിൽ കയറി അടിക്കാൻ ക്രീസ് വിട്ടിറങ്ങിയ താരത്തെ വിക്കറ്റ് കീപർ സ്റ്റംപ് ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ 15 പന്ത് പിടിച്ചുനിന്ന് രണ്ടക്കം കാണാനാകാതെയും മടങ്ങി.

താരതമ്യേന ദുർബലരായ ബംഗ്ലദേശിനെതിരെ ഇറങ്ങി മികച്ച ഇന്നിങ്സ് അടിച്ചെടുത്ത് എതിരാളികളുടെ മുനയൊടിക്കാനുള്ള അവസരമാണ് പരിക്കിൽ നഷ്ടമാകുന്നത്. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ പന്ത് മികച്ച ഫോം കണ്ടെത്തിയാൽ കാർത്തികിന് തിരിച്ചുവരവ് പ്രയാസമാകും. ട്വന്റി20യിൽ പന്തിന്റെ റെക്കോഡും അത്ര മെച്ചപ്പെട്ടതല്ലെന്നതാണ് കാർത്തികിന് ആശ്വാസം.

ഐ.പി.എല്ലിൽ പുറത്തെടുത്ത മിന്നും പ്രകടനമായിരുന്നു ഋഷഭ് പന്തിനു പകരം ദിനേശ് കാർത്തികിന് നറുക്കു നൽകാൻ സിലക്ടർമാരെ പ്രേരിപ്പിച്ചത്. അതുപക്ഷേ, പരാജയമാകുകയായിരുന്നു. 

Tags:    
News Summary - Rishabh Pant likely to replace injured Dinesh Karthik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.