ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) ക്ലാസിക് പോരാട്ടങ്ങളിലൊന്നിനാണ് ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയം വേദിയാകുന്നത്. അയൽക്കാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് മത്സരം.
ആദ്യ മത്സരങ്ങളിലെ ജയവുമായാണ് സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ 17 വർഷമായി ആർ.സി.ബിക്ക് ചെപ്പോക്കിൽ സി.എസ്.കെയെ തോൽപിക്കാനായിട്ടില്ല. 2008ൽ ഐ.പി.എലിന്റെ ആദ്യ പതിപ്പിൽ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ജയിച്ചിരുന്നു. രാഹുൽ ദ്രാവിഡ് നയിച്ച ടീമിൽ അന്നും വിരാട് കോഹ്‍ലിയുണ്ടായിരുന്നു. പത്ത് റൺസായിരുന്നു കോഹ്‍ലി നേടിയത്. പിന്നീട് ചെപ്പോക്കിൽ ആതിഥേയരോട് വിജയം അന്യമായി.
ആഗ്രഹിച്ച ആ നേട്ടത്തിനായാണ് ഇന്ന് കോഹ്‍ലിയുടെ ടീം ഇറങ്ങുന്നത്. അതേസമയം, സ്വന്തം തട്ടകത്തിൽ അവരുടെ സൂപ്പർതാരങ്ങളിലൊരാൾ ഇല്ലാതെയാണ് ചെന്നൈ കളിക്കാനിറങ്ങുന്നത്. ശ്രീലങ്കൻ സൂപ്പർ പേസർ മതീഷ പതിരന കളിക്കില്ലെന്ന് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു. പരിക്കിൽനിന്ന് പൂർണമായി മോചിതനാകാത്തതാണ് ലങ്കൻ താരത്തിന് തിരിച്ചടിയായത്. താരത്തിനു പകരം ആസ്ട്രേലിയൻ പേസർ നഥാൻ എല്ലിസ് തന്നെയാകും പ്ലെയിങ് ഇലവനിലെത്തുക. സി.എസ്.കെ ഇത്തവണ നിലനിൽത്തിയ അഞ്ചു താരങ്ങളിൽ ഒരാളാണ് പതിരന. 13 കോടിയാണ് താരത്തിന്‍റെ വില.
മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിലും താരം കളിച്ചിരുന്നില്ല. സ്പിന്നിനെ തുണക്കുന്ന ചെപ്പോക്കിൽ രവീന്ദ്ര ജഡേജയും ആർ. അശ്വിനും സ്പിൻ കരുത്തായി ചെന്നൈ നിരയിലുണ്ട്. അഫ്ഗാനിസ്താന്റെ ഇടംകൈയൻ റിസ്റ്റ് സ്പിന്നർ നൂർ അഹ്മദും ഫോമിലാണ്. മുംബൈക്കെതിരെ 11 ഓവർ പന്തെറിഞ്ഞ സ്പിൻ ത്രിമൂർത്തികൾ അഞ്ച് വിക്കറ്റ് നേടിയിരുന്നു. 70 റൺസ് മാത്രമാണ് വഴങ്ങിയത്.
സ്പിന്നിനെ നേരിടാൻ കോഹ്‍ലിയുൾപ്പെടെയുള്ള മിടുക്കർ മറുഭാഗത്തുണ്ട്. പക്ഷേ, കഴിഞ്ഞ രണ്ട് വർഷമായി കോഹ്‍ലി സ്പിന്നിനെതിരെ നന്നായി കളിക്കുന്നുണ്ട്. ഫിൽ സാൾട്ട്, ക്യാപ്റ്റൻ രജത് പട്ടീദാർ, ലിയാം ലിവിങ്‌സ്റ്റൺ, ജിതേഷ് ശർമ തുടങ്ങിയ താരങ്ങളും ബംഗളരു നിരയിലുണ്ട്. മറുവശത്ത്, ശിവം ദുബെ, ദീപക് ഹൂഡ, സാം കറൻ എന്നിവർ കൂടി ഫോമിലായാൽ സൂപ്പർ കിങ്സ് ബാറ്റിങ്ങിൽ അതിശക്തരാകും. രചിൻ രവീന്ദ്രയും ക്യാപ്റ്റൻ റിതുരാജ് ഗെയ്‌ക്‌വാദും മികച്ച ഫോമിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.