ഇത് അർഹിച്ച സെഞ്ച്വറി, ഈ പ്രകടനം തുടരണം...; സഞ്ജുവിനെ അഭിനന്ദിച്ച് ശ്രീശാന്ത്

ഏകദിനത്തിലെ കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് മലയാളിയായ മുൻ ഇന്ത്യൻതാരം എസ്. ശ്രീശാന്ത്. അര്‍ഹിച്ച സെഞ്ച്വറിയാണ് സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ നേടിയതെന്നു ശ്രീശാന്ത് പ്രതികരിച്ചു. മൂന്നാം ഏകദിനത്തിൽ 108 റൺസെടുത്താണ് താരം പുറത്തായത്.

സഞ്ജുവിന്‍റെ ഇന്നിങ്സാണ് മത്സരത്തിൽ നിർണായകമായത്. പരമ്പരയും (2-1) ഇന്ത്യ സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ശ്രദ്ധയോടെ ബാറ്റുവീശിയ സഞ്ജുവിന്‍റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് മത്സരത്തിൽ മികച്ച സ്കോർ സമ്മാനിച്ചത്. 78 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റു നഷ്ടത്തിൽ 296 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 45.5 ഓവറിൽ 218 റൺസിന് ഓൾ ഔട്ടായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മലയാളി താരം ആദ്യമായാണ് സെഞ്ച്വറി നേടുന്നത്.

‘സഞ്ജുവിന്റെ മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു ഇത്. 64-65 റൺസൊക്കെ എടുത്തുനിൽക്കെ അദ്ദേഹം നടത്തിയ പ്രകടനം വളരെ പ്രധാനമാണ്. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഇത്തരമൊന്നു ഇന്നിങ്സ് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സഞ്ജുവിന്റേത് ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിങ്ങായിരുന്നു. ഇത് അർഹിച്ച സെഞ്ച്വറിയാണ്. ഇന്നു കളിച്ചതുപോലുള്ള ഇന്നിങ്സാണ് സഞ്ജുവിനും ടീമിനും ആവശ്യം. ഇതേ പ്രകടനം തുടരണം’ -ശ്രീശാന്ത് ഒരു സ്പോർട്സ് ചാനലിനോട് പ്രതികരിച്ചു.

ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാന്‍ സഞ്ജുവിൽനിന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനം മാറ്റുന്നത് ഉചിതമാകുമെന്നും ജോസ് ബട്‌ലറെ ക്യാപ്റ്റനാക്കണമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇടവേളക്കുശേഷം ടീമിൽ മടങ്ങിയെത്തി നിർണായക സെഞ്ച്വറിയുമായി ടീമിനെ ജയിപ്പിച്ച സഞ്ജുവിനെ മുൻ താരങ്ങൾ ഉൾപ്പെടെ അഭിനന്ദിച്ചിരുന്നു. സഞ്ജുവിന്‍റെ കരിയർ മാറ്റിമറിക്കുന്നതായിരിക്കും ഈ സെഞ്ച്വറിയെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പ്രതികരിച്ചത്.

Tags:    
News Summary - S. Sreesanth congratulates Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.