മുംബൈ: ലോകകപ്പിൽ അവിശ്വസനീയ പ്രകടനം നടത്തുന്ന അഫ്ഗാൻ താരങ്ങളെ നേരിട്ടുകണ്ട് അഭിനന്ദിച്ച് ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ. കരുത്തരായ ആസ്ട്രേലിയയുമായുള്ള മത്സരത്തിന് തലേന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെയാണ് സചിൻ അഫ്ഗാൻ ടീമിനെ കാണാനെത്തിയത്.
ലോകകിരീടം കൈവശമുള്ള മൂന്നു ടീമുകളെ അട്ടിമറിച്ച അഫ്ഗാനിസ്താനു മുന്നിൽ ഇപ്പോഴും സെമി സാധ്യത തുറന്നിരിക്കുന്നുണ്ട്. എന്നാൽ, ഓസീസിനു പിന്നാലെ അടുത്ത മത്സരത്തിലെ എതിരാളികളും ഇതിനകം സെമി ഉറപ്പിച്ച കരുത്തരായ ദക്ഷിണാഫ്രിക്കയാണ്. സെമിഫൈനലിന് തൊട്ടരികെ നിൽക്കുന്ന ആസ്ട്രേലിയക്കും ഇന്ന് വിജയം അനിവാര്യമാണ്.
അഫ്ഗാനെ വീഴ്ത്താനായാൽ കങ്കാരുപ്പടക്ക് ബംഗ്ലാദേശിനെതിരായ കളി ബാക്കിയിരിക്കെതന്നെ അവസാന നാലിൽ സ്ഥാനമുറപ്പിക്കാം. 10 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഓസീസ്. എട്ടു പോയന്‍റുമായി ആറാം സ്ഥാനത്താണ് അഫ്ഗാൻ. ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾക്കെതിരെ തോറ്റെങ്കിലും ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും അട്ടിമറിച്ചു.
നെതർലൻഡ്സിനെതിരെ അനായാസ ജയം സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പ് മത്സരങ്ങളിൽ നേടിയ വിജയങ്ങളിൽ സചിൻ അഫ്ഗാൻ താരങ്ങളെ പ്രശംസിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. താരങ്ങളെ സന്ദർശിക്കുകയും വിലപ്പെട്ട അറിവുകൾ പങ്കുവെക്കുകയും ചെയ്ത സചിന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ നന്ദി അറിയിച്ചു.
‘ഞങ്ങൾക്ക് ഓരോരുത്തർക്കും ഇതൊരു വിലപ്പെട്ട നിമിഷമാണ്. വാംഖഡെയിൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞത് പ്രത്യേക അനുഭവം തന്നെയാണ്. തീർച്ചയായും ഞങ്ങൾക്കിത് പോസിറ്റീവ് എനർജി നൽകുന്നു. അദ്ദേഹത്തെ കാണുകയെന്നത് ഞങ്ങളുടെ സ്വപ്നം തന്നെയായിരുന്നു’ -റാഷിദ് ഖാൻ അഭിപ്രായപ്പെട്ടു.
ഇവിടെ വന്നതിന് സചിനോട് ഒരുപാട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ കളി കണ്ടാണ് ഒരുപാട് പേർ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. സചിൻ അഫ്ഗാനിലെ പലർക്കും ഒരു റോൾ മോഡലാണെന്നും റാഷിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.