സചിൻ- അർജുൻ ടെണ്ടുൽക്കർ മുതൽ കെവിൻ- സാം കറൻ വരെ; ക്രിക്കറ്റിലെ അച്ഛൻ- മകൻ ജോഡികളെ അറിയാം

തലമുറ കൈമാറ്റം അത്രയെളുപ്പമല്ല മറ്റു കളികളിലെന്ന പോലെ ക്രിക്കറ്റി​ലും. കായിക രംഗത്ത് നിറ സാന്നിധ്യമായ പിതാവിനെ പോലെ മികവുകാട്ടി അതിലേറെ വീറോടെ പുത്രന്മാർ കയറിവന്നത് അത്യപൂർവ ചരിത്രം. ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച അർജുൻ ടെണ്ടുൽക്കർ പിതാവ് സചിന്റെ ഇതിഹാസ സ്മരണകൾ വീണ്ടുമുണർത്തിയപ്പോൾ ക്രിക്കറ്റിൽ മുമ്പും ഇതുപോലെ അരങ്ങേറിയ അച്ഛൻ- മകൻ ജോഡികൾ ആരൊക്കെയെന്ന അന്വേഷണം സ്വാഭാവികം.


മുൻ സിംബാബ്​‍വെ ഓൾറൗണ്ടർ കെവിൻ കറനും മകൻ സാം കറനുമാണ് ഇവരിൽ ആദ്യ പേരുകാർ. ആഫ്രിക്കൻ രാജ്യമായ സിംബാബ്​‍വെക്കു വേണ്ട 11 തവണ ദേശീയ ജഴ്സി അണിഞ്ഞതാണ് പിതാവിന്റെ ചരിത്രമെങ്കിൽ സാം കറനിപ്പോൾ ഐ.പി.എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ്. 18.5 കോടി മുടക്കിയാണ് കിങ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്- ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക. ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്ന സാം ഇതുവരെയായി 24 ടെസ്റ്റുകളും 23 ഏകദിനങ്ങളും അതിലേറെ ട്വന്റി20കളും പൂർത്തിയാക്കിയിട്ടുണ്ട്.


നിലവിലെ ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും സ്റ്റുവർട്ട് ബിന്നിയുമാണ് അടുത്ത ജോഡി. ഓൾറൗണ്ടറായിരുന്ന ​റോജർ ബിന്നി 72 ഏകദിനങ്ങളിലും 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധാനം ചെയ്തതിനൊപ്പം 1983ൽ ലോകകിരീടം മാറോടുചേർത്ത കപിലിന്റെ ചെകുത്താന്മാരിലും അംഗമായിരുന്നു. എന്നാൽ, മകൻ സ്റ്റുവർട്ട് ബിന്നി അത്രയൊന്നും രാജ്യത്തിനായി കളിച്ചിട്ടില്ല. ആറു ടെസ്റ്റുകൾ, 14 ഏകദിനങ്ങൾ, മൂന്ന് ട്വന്റി20 എന്നിങ്ങനെയാണ് സ്റ്റുവർട്ടിന്റെ സമ്പാദ്യം. 95 ഐ.പി.എൽ മത്സരങ്ങളിലും കളിച്ചു.


ഇംഗ്ലീഷ് താരങ്ങളായ ക്രിസ് ബ്രോഡും സ്റ്റുവർട്ട് ബ്രോഡുമാണ് മറ്റൊന്ന്. ക്രിസിനെക്കാൾ ഒരു പടി മുന്നിൽനിൽക്കുന്ന സ്റ്റുവർട്ട് ഏറ്റവും കൂടുതൽ ദേശീയ ജഴ്സി അണിഞ്ഞത് ടെസ്റ്റിലാണ്- 161 എണ്ണം. പിതാവ് 25 എണ്ണം മാത്രം കളിച്ചിടത്താണ് പേസറായ മകൻ ടീമിന്റെ അവിഭാജ്യ സാന്നിധ്യമായി മാറിയത്. ടെസ്റ്റിൽ താരം 576 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ക്രിസ് നിലവിൽ ഐ.സി.സി റഫറി മാച്ച് റഫറിയാണ്.


സുനിൽ ഗവാസ്കർ- രോഹൻ ഗവാസ്കർ ജോഡിയും ക്രിക്കറ്റിൽ താരത്തിളക്കത്തോടെ വാണ ജോഡിയാണ്. ഓപണറായിരുന്ന സുനിൽ ഗവാസ്കർ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികച്ചതുൾപ്പെടെ വലിയ നേട്ടങ്ങളിലേക്ക് ബാറ്റുവീശി കയറിയപ്പോൾ മകൻ രോഹൻ 11 ടെസ്റ്റുകളിലും 2 ഐ.പി.എല്ലുകളിലും മാത്രമാണ് കളിച്ചത്. നിലവിൽ സ്​പോർട്സ് കമന്റേറ്ററായി പ്രവർത്തിച്ചുവരുന്നു.

അവസാനം പട്ടികയിലേക്കു കയറിയ സചിൻ- അർജുൻ ജോഡിയിൽ പിതാവാണ് ​ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളുടെയും തമ്പുരാൻ. 34,000 ലേറെ രാജ്യാന്തര റൺസ് കുറിച്ച താരം 100 സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിൽ അരങ്ങേറ്റം കുറിച്ച മകൻ അർജുൻ ചൊവ്വാഴ്ച ആദ്യ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 

Tags:    
News Summary - Sachin Tendulkar And Arjun Tendulkar To Kevin Curran And Sam Curran: Famous Father-Son Duos In Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.