മുംബൈ: ഐ.പി.എല്ലും വിമൻ പ്രീമിയർ ലീഗും വൻ ജനപ്രീതി നേടിയ പശ്ചാത്തലത്തിൽ വിരമിച്ച താരങ്ങൾ അണിനിരക്കുന്ന പുതിയ ക്രിക്കറ്റ് ടൂർണമെന്‍റിന് രൂപംനൽകാൻ ബി.സി.സി.ഐ തയാറെടുക്കുന്നതായി റിപ്പോർട്ട്. നിലവിൽ പല സീസണുകളിലായി നടക്കുന്ന ലെജൻഡ്സ് ലീഗിനെ ‘ലെജൻഡ്സ് പ്രീമിയർ ലീഗ്’ എന്ന പേരിൽ അവതരിപ്പിക്കാനുള്ള പ്രാഥമിക ചർച്ചകൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ താരങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ലോകത്ത് പലയിടങ്ങളിലായി ലെജൻഡ്സ് ലീഗുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. റോഡ് സേഫ്റ്റി വേൾഡ് സിരീസ്, ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്, വേൾഡ് ചാമ്പ്യൻഷിപ് ഓഫ് ലെജൻഡ്സ്, ഗ്ലോബൽ ലെജൻഡ്സ് ലീഗ് എന്നിവയാണ് പ്രമുഖ ടൂർണമെന്റുകൾ. വിരമിച്ച താരങ്ങളാണ് ഇവയിൽ പങ്കെടുക്കുന്നത്. എന്നാൽ ബി.സി.സി.ഐ ഇത്തരത്തിലൊരു ടൂർണമെന്റ് സംഘടിപ്പിച്ചാൽ, ഏതെങ്കിലും അംഗീകൃത ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ആദ്യ ലെജൻഡ്സ് ലീഗ് ആകുമത്. നിലവിൽ സ്വകാര്യ കമ്പനികളാണ് മിക്കവയും നടത്തുന്നത്.
ബി.സി.സി.ഐ അനുകൂല തീരുമാനമെടുത്താൽ നിലവിൽ ലെജൻഡ്സ് ലീഗിൽ കളിച്ചുവരുന്ന ക്രിക്കറ്റ് ഇതിഹാസം സചിൻ തെൻഡുൽക്കർ, യുവരാജ് സിങ്, വിരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ക്രിസ് ഗെയിൽ, എബി ഡിവിലിയേഴ്സ് തുടങ്ങിയ താരങ്ങളെ ഇന്ത്യൻ ലീഗിൽ കാണാനാവുമെന്നാണ് ആരാധക പ്രതീക്ഷ. റോഡ് സേഫ്റ്റി വേൾഡ് സിരീസിലെ ആദ്യ രണ്ട് സീസണുകളിൽ സചിന്‍റെ നായകത്വത്തിൽ ഇന്ത്യ ലെജൻഡ്സ് കിരീടം നേടിയിരുന്നു. എന്നാൽ ഇന്ത്യ ലെജൻഡ്സ് യുവരാജിന് കീഴിലെത്തിയ ഒടുവിലെ സീസണിൽ ഇംഗ്ലണ്ടിനായിരുന്നു വിജയം. 2007ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്ന ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ തുടങ്ങി പല താരങ്ങളും യുവരാജിനൊപ്പം അണിനിരന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.