മുംബൈ: ഐ.പി.എല്ലിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം ജയം. രാജസ്ഥാൻ റോയൽസിനെ 45 റൺസിനു തോൽപിച്ചാണ് ഐ.പി.എൽ കിരീട ഫേവറിറ്റ് ലിസ്റ്റിൽ തങ്ങളുമുണ്ടെന്ന് ധോണിപ്പട സൈറൺ മുഴക്കിയത്. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ്: 188/9 (20 ഓവർ), രാജസ്ഥാൻ റോയൽസ് 143/9(20 ഓവർ).
ചെന്നൈയുടെ കൂറ്റൻ സ്കോറിനെതിരെ ജോസ് ബട്ട്ലർ(35 പന്തിൽ 49) മാത്രമാണ് പൊരുതിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ(1) അടക്കം ആർക്കും പിന്തുണക്കാനായില്ല. സഞ്ജുവിനൊപ്പം ഡേവിഡ് മില്ലർ(2), റിയാൻ പരാഗ്(3), ക്രിസ്മോറിസ്(0) എന്നിവരും രണ്ടക്കം കണ്ടില്ല. മനൻ വോറ(14), ശിവം ദുബെ(17), രാഹുൽ തെവാതിയ(20), ജയദേവ് ഉദ്കട്ട്(24) എന്നിവർ പൊരുതാൻ നോക്കിയെങ്കിലും നടന്നില്ല. ചെന്നൈക്കായി മുഈൻ അലി മൂന്നും രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ, ശർദുൽ ഠാക്കുറും ഡ്വെയ്ൻ ബ്രാവോയും ഒരു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപണർ ഫാഫ് ഡുപ്ലസിസ് മികച്ച തുടക്കമാണ് ചെന്നൈക്ക് നൽകിയത്. സിക്സും ഫോറുമായി താരം മുന്നേറുന്നതിനിടയിൽ മറുതലക്കൽ ഋതുരാജ് ഗെയ്ക്വാദിനെ (10) പെട്ടെന്ന് നഷ്ടമായി. മുസ്തഫിസുറഹ്മാനാണ് താരത്തെ പുറത്താക്കിയത്. എന്നാൽ ഡുപ്ലസിസ്, മുഈൻ അലിയെ കൂട്ടുപിടിച്ച് സ്കോർ ചലിപ്പിച്ചു.
രണ്ടു സിക്സും നാലു ഫോറും പറപ്പിച്ച ഡുപ്ലസിസ് ക്രിസ്മോറിെൻറ പന്തിലാണ് 33 റൺസുമായി കളം വിട്ടത്. ഡുപ്ലസിസ് കത്തിച്ച റൺവേട്ട അലി (26) ഏറ്റെടുത്തെങ്കിലും ട്രാക്കിലാവുന്നതിനുമുേമ്പ തെവാട്ടിയ പുറത്താക്കി. എന്നാൽ, അമ്പാട്ടി റായുഡു (27) മറുതലക്കൽ സ്കോർ ചലിപ്പിച്ചു.
സുരേഷ് റെയ്നയും (18) ഒപ്പം കൂടി. പക്ഷേ, രണ്ടു റൺസ് വ്യത്യാസത്തിൽ രണ്ടുപേരും മടങ്ങിയത് ചെന്നൈ സ്കോറിന് ഭീഷണിയായി. ഇരുവരെയും ചേതൻ സകറിയയാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ നായകൻ എം.എസ്. ധോണിയെയും (18) ചേതൻതന്നെ പറഞ്ഞയച്ചതോടെ ചെന്നൈയുടെ ഊർജം തീർന്നു. റൺപവർ രവീന്ദ്ര ജദേജക്കും (8) രക്ഷയുണ്ടായില്ല.
സാം കറൻ 13 റൺസുമായി മടങ്ങി. ഒടുവിൽ ഡ്വെയിൻ ബ്രാവോയാണ് (എട്ടുപന്തിൽ 20*) സ്കോർ 188ലേക്ക് എത്തിച്ചത്. ശർദുൽ ഠാകുർ ഒരു റൺസെടുത്ത് മടങ്ങിയപ്പോൾ, ദീപക് ചഹർ പുറത്താകാതെനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.