ദുബൈ: ഐ.പി.എല്ലിൽ നിന്നും രാജസ്ഥാൻ റോയൽസ് പുറത്തായിട്ടും സഞ്ജു സാംസൺ യു.എ.ഇയിൽ തുടരുന്നതിനെച്ചൊല്ലി അഭ്യൂഹം കൊഴുക്കുന്നു. സഞ്ജു യു.എ.ഇയിൽ തുടരുന്നത് ബി.സി.സി.ഐ നിർദേശ പ്രകാരമാണെന്ന് വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ യാതൊരു പ്രതികരണവും ബി.സി.സി.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ലോകകപ്പിനുള്ള അന്തിമ ടീം പട്ടിക കൈമാറാൻ ഒക്ടോബർ 15 വരെ സമയമുള്ളതിനാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ട്വന്‍റി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഐ.പി.എൽ സീസണിൽ സഞ്ജു തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. 14 കളികളിൽ നിന്നും 40.33 ശരാശരിയിൽ 484 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 136 സ്ട്രൈക്റൈറ്റിൽ റൺസടിച്ചുകൂട്ടിയ സഞ്ജു ഒരുവേള ടൂർണമെന്‍റ് ടോപ്പ് സ്കോററുമായിരുന്നു. സ്ഥിരതയില്ലെന്ന ദുഷ്പേരിനെയും സഞ്ജു ഇക്കുറി തിരുത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് ഉൾപെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇന്ത്യൻ ടീമിലുൾപ്പെട്ട ഇഷാൻകിഷൻ, സൂര്യകുമാർ യാദവ് അടക്കമുള്ളവർക്ക് ഏതാനും മത്സരങ്ങളിൽ മാത്രമാണ് ശോഭിക്കാനായിരുന്നത്.
അതേ സമയം ദുബൈ എക്സ്പോയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസിനുള്ള പരസ്യ കരാറുകളുടെ ഭാഗമായാണ് നായകൻ കൂടിയായ സഞ്ജു യു.എ.ഇയിൽ തുടരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ദുബൈ എക്സ്പോയുടെ സ്പോൺസർഷിപ്പുള്ള രാജസ്ഥാൻ റോയൽസ് ജഴ്സിയിലടക്കം എക്സ്പോ പരസ്യവുമായാണ് കളത്തിൽ ഇറങ്ങിയിരുന്നത്.
സഞ്ജുവിനെക്കൂടാതെ ഐ.പി.എല്ലിൽ തകർപ്പൻ പ്രകടനം നടത്തിയ യുസ്വേന്ദ്ര ചഹൽ, ഹർഷൽ പേട്ടൽ, റിഥുരാജ് ഗെയ്ക്വാദ് എന്നിവരെക്കുറിച്ചും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇന്ത്യൻ ടീമിലുൾപ്പെട്ട രാഹുൽ ചഹാറിന് െഎ.പി.എല്ലിൽ ഒട്ടും തിളങ്ങാനാകാത്തതും ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരുടെ ഫിറ്റ്നസിനെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.