സീസൺ ഗംഭീരമായി തുടങ്ങിയ രാജസ്ഥാന് പിഴച്ചതെവിടെ? ഉത്തരമില്ലെന്ന് സഞ്ജു സാംസൺ!

ഐ.പി.എല്ലിലെ നിർണായക മത്സരത്തിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 112 റൺസിന്‍റെ വമ്പൻ തോൽവിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഏറ്റുവാങ്ങിയത്. ഇതോടെ ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകളും മങ്ങി.

സീസൺ ഗംഭീരമായി തുടങ്ങിയ രാജസ്ഥാൻ, പിന്നീടുള്ള മത്സരങ്ങളിൽ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. ജയിച്ചെന്ന് ഉറപ്പിച്ച പല മത്സരങ്ങളും എതിരാളികൾക്കു മുന്നിൽ അടിയറവെക്കുന്നതാണ് കണ്ടത്. ബാംഗ്ലൂർ കുറിച്ച 172 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍റെ ഇന്നിങ്സ് 59 റൺസിന് അവസാനിച്ചു. രാജസ്ഥാൻ നിരയിൽ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്.

തോൽവിയോടെ ടീം പോയന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വീണു. വെള്ളിയാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരം ജയിച്ചാലും പ്ലേ ഓഫിൽ കടക്കാനുള്ള സാധ്യത വിദൂരം മാത്രമാണ്. സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളിൽ നാലെണ്ണവും ജയിച്ച് ഒരുവേള ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, പിന്നീടുള്ള എട്ടു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്.

സീസൺ ഗംഭീരമായി തുടങ്ങിയ ടീമിന് എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന് സഞ്ജുവിനും കൃത്യമായ ഉത്തരമില്ല. ‘യഥാർഥത്തിൽ അതൊരു വലിയ ചോദ്യമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന്. ക്ഷമിക്കണം, അതിനുള്ള ഉത്തരമില്ല’ -സഞ്ജു ബാംഗ്ലൂരിനെതിരായ മത്സരശേഷം പറഞ്ഞു.

‘ഐ.പി.എല്ലിന്റെ സ്വഭാവം നമുക്കെല്ലാം അറിയാം. ദിവസങ്ങൾകൊണ്ട് കാര്യങ്ങൾ മാറുമെന്ന് ഞങ്ങൾക്കറിയാം. ലീഗ് ഘട്ടത്തിന്‍റെ അവസാനത്തിൽ രസകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. നമ്മൾ ശക്തരായിരിക്കണം, പ്രഫഷണലായിരിക്കണം, ധർമ്മശാലയിലെ മത്സരത്തിൽ കളിച്ചതിനെ കുറിച്ച് ചിന്തിക്കണം. പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുകയും അതിനായി പരമാവധി ശ്രമിക്കുകയും വേണം’ -സഞ്ജു പ്രതികരിച്ചു.

Tags:    
News Summary - Sanju Samson's Honest Take On Rajasthan Royals' Dip In Form In IPL 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.