'സഞ്ജുവിന്‍റെ ഐ.പി.എൽ ശമ്പളം ട്വന്‍റി20 ലോകകപ്പ് സമ്മാനത്തുകയേക്കാൾ കൂടുതൽ'; സത്യാവസ്ഥയെന്ത്...

ട്വന്‍റി20 ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചത്. ആസ്ട്രേലിയ വേദിയാകുന്ന ഇത്തവണത്തെ ലോകകപ്പ് വിജയിക്കുന്ന ടീമിന് 13.05 കോടി രൂപയാണ് സമ്മാനത്തുക ഇനത്തിൽ ലഭിക്കുക.

റണ്ണേഴ്സ് അപ്പിന് 6.53 കോടി രൂപയും സെമി ഫൈനലിസ്റ്റുകൾക്ക് 3.27 കോടി രൂപയും ലഭിക്കും. ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന ടൂർണമെന്‍റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. യഥാർഥത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുകയേക്കൾ ഏഴു കോടി രൂപ കുറവാണ് ഐ.സി.സി ട്വന്‍റി20 ലോകകപ്പിലെ സമ്മാനത്തുക.

കഴിഞ്ഞ സീസണിൽ ഐ.പി.എൽ ജേതാക്കളായ ഗുജറാത്ത് ടെറ്റൻസിന് 20 കോടിയോളം രൂപ സമ്മാനത്തുക ഇനത്തിൽ ലഭിച്ചിട്ടുണ്ട്. ഐ.സി.സി പ്രഖ്യാപനത്തിനു പിന്നാലെ സമ്മാനത്തുകയെ പരിഹസിക്കുന്ന നിരവധി പോസ്റ്റുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഐ.പി.എൽ സമ്മാനത്തുകയും താരങ്ങളുടെ ശമ്പളവും ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകൾ.

ചിലർ അൽപം കൂടി കടന്ന്, ഹാർദിക് പാണ്ഡ്യയും സഞ്ജു സാംസണും ട്വന്‍റി20 ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുകയേക്കാൾ കൂടുതൽ പണം രണു മാസത്തെ ഐ.പി.എൽ സീസണിൽനിന്ന് വാങ്ങുന്നുണ്ടെന്ന് വരെ പറഞ്ഞുവെക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലോകകപ്പിലെ മൊത്തം സമ്മാനത്തുക 45.6 കോടി രൂപയാണ്. എന്നാൽ, രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ എന്നിവരുടെ 2022 സീസണിലെ ഐ.പി.എൽ ശമ്പളം 48 കോടി വരുമെന്നും ഒരു ട്വിറ്റർ പോസ്റ്റ് പറയുന്നു.

അഫ്ഗാനിസ്ഥാൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ട്വന്‍റി20 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയ ടീമുകൾ. മറ്റു എട്ടു ടീമുകൾ യോഗ്യത റൗണ്ട് കളിക്കണം. രണ്ടു ഗ്രൂപ്പുകളായാണ് മത്സരിക്കുന്നത്.

ഗ്രൂപ്പ് എയിൽ നമീബിയ, ശ്രീലങ്ക, നെതർലൻഡ്സ്, യു.എ.ഇ ടീമുകളും ഗ്രൂപ്പ് ബിയിൽ വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലാൻഡ്, അയർലൻഡ്, സിംബാബ്വെ ടീമുകളുമാണ്. രണ്ടു ഗ്രൂപ്പുകളിലുമായി ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന നാലു ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്ക് യോഗ്യത നേടും.

Tags:    
News Summary - Sanju Samson's IPL fee more than ICC T20 World Cup prize money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.