കളി ചെപ്പോക്ക് മൈതാനത്താകുമ്പോൾ ധോണിയും ചെന്നൈയും തന്നെയാകും മന്നന്മാർ. മൈതാനത്തിന്റെ ആനുകൂല്യവും ആരാധകരുടെ പിന്തുണയും ചേരുമ്പോൾ എതിരാളികൾ എപ്പോഴും ഒന്ന് വിറക്കും. എന്നാൽ, സാക്ഷാൽ ധോണി തന്നെ ക്രീസിലുണ്ടായിട്ടും അവസാന പന്തു വരെ നീണ്ട ആവേശത്തിനൊടുവിൽ രാജസ്ഥാൻ ജയവുമായി മടങ്ങിയ ബുധനാഴ്ച രാത്രിയിൽ സഞ്ജുവിന്റെ നായകത്വത്തെ വാഴ്ത്തുകയാണ് ആരാധകർ.
ബാറ്റിങ്ങിൽ സംപൂജ്യനായെങ്കിലും നായകൻ സഞ്ജുവിന്റെ തീരുമാനങ്ങളാണ് നിർണായക ജയത്തിലെത്തിച്ചത്. ബൗളർമാരെ ഉപയോഗപ്പെടുത്തുന്നതിലെ കൃത്യത, മൈതാനത്തെ സമചിത്തത, സ്പിന്നർമാരെ ഡെത്ത് ഓവറുകളിലും ഉപയോഗിക്കാനുള്ള ധൈര്യം തുടങ്ങിയവയെല്ലാം ചേർന്ന ഇതുപോലൊരു നായകനെ ഇപ്പോഴെങ്കിലും ഒന്ന് നല്ലത് പറഞ്ഞൂടെയെന്ന് ഒരു ട്വീറ്റ് ചോദിക്കുന്നു. ധോണി ക്രീസിൽ നിന്ന അവസാന ഓവറിൽ സന്ദീപ് ശർമക്കാണ് സഞ്ജു പന്ത് നൽകിയത്. അവസാന പന്ത് സിക്സ് പറത്തിയാൽ ആതിഥേയർക്ക് ജയിക്കാമായിരുന്നിടത്ത് സന്ദീപിന്റെ യോർകർ കളി മാറ്റുകയായിരുന്നു. മൂന്നു റൺസിനായിരുന്നു രാജസ്ഥാൻ ജയം.
മത്സര ശേഷം നിരവധി പേരാണ് സഞ്ജുവിനെ അനുകൂലിച്ച് രംഗത്തെത്തിയത്. മത്സരത്തിലുടനീളം സഞ്ജു നടപ്പാക്കിയ തീരുമാനങ്ങൾക്ക് കൈയടിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും അത്ര വലിയ ടോട്ടൽ അല്ലാതിരുന്നിട്ടും ബൗളർമാരെ ഉപയോഗിക്കുന്നതിൽ കാണിച്ച കണിശത വിജയം എളുപ്പമാക്കിയെന്നാണ് പലർക്കും ചൂണ്ടിക്കാട്ടാനുള്ളത്. ചെപ്പോക്കിൽ രാജസ്ഥാൻ ജയിക്കുന്നത് നീണ്ട ഇടവേളക്കു ശേഷമാണ്. മുമ്പ് ഷെയിൻ വോൺ നായകനായപ്പോഴായിരുന്നു ജയം പിടിച്ചത്. അതുകൊണ്ടുതന്നെ സമ്മർദങ്ങളില്ലാതെ ടീമിനെ ഉപയോഗിക്കാനായത് തീർച്ചയായും പ്രശംസിക്കപ്പെടണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നു. ഭാവിയിൽ ഇന്ത്യൻ ടീം നായകനായും സഞ്ജുവിനെ പരിഗണിച്ചൂടെ എന്ന് ചോദിക്കുന്നവരുമുണ്ട്.
അതേ സമയം, എതിർ ടീം നായകനെ ആവേശത്തോടെ വാഴ്ത്താനായിരുന്നു സഞ്ജു അവസരം കണ്ടെത്തിയത്. ക്രിസിൽ ധോണിയുണ്ടാകുമ്പോൾ ഏതുനിമിഷവും കളി മാറുമെന്നതിനാൽ ആദരം മാത്രമെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
ആദ്യം ബാറ്റു ചെയ്ത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്ത രാജസ്ഥാൻ എതിരാളികളെ 20 ഓവറിൽ ആറുവിക്കറ്റിന് 172 റൺസിലൊതുക്കുകയായിരുന്നു. 30 റൺസെടുക്കുകയും ബൗളിങ്ങിൽ രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവിചന്ദ്രൻ അശ്വിനായിരുന്നു കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.