‘സ്ത്രീത്വം കളങ്കപ്പെടുത്തി’; ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ പരാതിയുമായി സപ്ന ഗിൽ

മുംബൈ: സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഭോജ്പുരി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സപ്ന ഗിൽ പരാതിയുമായി രംഗത്ത്. മുംബൈ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് പൃഥ്വി ഷാക്കും സുഹൃത്ത് ആശിഷ് യാദവിനുമെതിരെ പരാതി നൽകിയത്.

പൃഥ്വി ഷായുടെ പരാതിയിൽ മുംബൈ പൊലീസ് കസ്റ്റഡിയിലായിരുന്ന സപ്ന ഗില്ലിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. ക്രിമിനൽ ഗൂഢാലോചന, സംഘർഷമുണ്ടാക്കൽ, ആയുധങ്ങളുമായി കലാപം, സ്ത്രീത്വം കളങ്കപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 15ന് താൻ ഒരു ക്ലബിൽ പോയപ്പോൾ ക്രിക്കറ്റ് താരത്തെ മദ്യപിച്ച നിലയിൽ കണ്ടെന്നും തന്റെ സുഹൃത്തായ ശോഭിത് താക്കൂർ സെൽഫിക്കായി ഷായെ സമീപിച്ചപ്പോൾ ശത്രുതയോടെ പെരുമാറുകയും സുഹൃത്തിന്റെ ഫോൺ പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞ് കേടുവരുത്തുകയും ചെയ്തെന്നും സപ്ന ഗിൽ പരാതിയിൽ ആരോപിച്ചു. താക്കൂറിനെ ക്രിക്കറ്റ് താരവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചപ്പോൾ താൻ ഇടപെടുകയും സുഹൃത്തിനെ മർദിക്കരുതെന്ന് അഭ്യർഥിക്കുകയുമാണ് ചെയ്തത്. ഈ സമയം പൃഥ്വി ഷാ തന്നെ മോശമായ രീതിയിൽ സ്പർശിക്കുകയും തള്ളുകയും ചെയ്തു. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ അങ്ങനെ ചെയ്യരുതെന്ന് യാചിച്ചതിനാലാണ് താൻ പരാതി നൽകാതിരുന്നത്. ഞാൻ 50,000 രൂപ ആവശ്യപ്പെട്ടെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇക്കാലത്ത് ഈ തുകകൊണ്ട് എന്താവാനാണ്?. രണ്ട് റീൽ ഇട്ടാൽ ഒരൊറ്റ ദിവസം ഇതിലധികം ലഭിക്കും. ആരോപണത്തിന് ഒരു നിലവാരമെങ്കിലും വേണ്ടേയെന്നും സപ്ന പറഞ്ഞു.

ബുധനാഴ്ച രാത്രി മുംബൈയിലാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പൃഥ്വി ഷാ. ഈ സമയത്താണ് ഇവിടെയെത്തിയ സപ്‌ന ഗില്ലും സുഹൃത്ത് ശോഭിതും സെൽഫി ആവശ്യപ്പെട്ടത്. പൃഥ്വി ഷാ ഒരു ഫോട്ടോക്ക് നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം വീണ്ടും സെൽഫി ആവശ്യപ്പെട്ടു. ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും തങ്ങളെ വിടണമെന്നും താരം അപേക്ഷിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഇത് അക്രമികളെ പ്രകോപിപ്പിച്ചു. താരം പരാതി പറഞ്ഞതോടെ ഹോട്ടൽ ജീവനക്കാർ ഇവരെ പുറത്താക്കി. തുടർന്ന് സംഘം പുറത്ത് കാത്തുനിൽക്കുകയായിരുന്നു. പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ ബി.എം.ഡബ്ല്യു കാർ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. ബേസ്‌ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. പിന്നീട് പൃഥ്വി ഷായും സപ്‌നയും തമ്മിൽ ഉന്തും തള്ളും കൈയേറ്റവും നടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് താരത്തെ ആക്രമിച്ച കേസിൽ എട്ടു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

Tags:    
News Summary - Sapna Gill filed a complaint against Prithvi Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.