ബുലവായോ: വെസ്റ്റിൻഡീസിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പ് കാണാതെ സിംബാബ്വെയും പുറത്തായി. ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്കോട്ട്ലാൻഡാണ് അവസാന മത്സരത്തിൽ സിംബാബ്വെയെ ഞെട്ടിച്ചത്. 31 റൺസിനായിരുന്നു തോൽവി.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ചാമ്പ്യൻമാരായി ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പർ സിക്സിലെത്തിയ സിംബാബ്വെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ശേഷമാണ് ഇടറിവീണത്. അവസാന മത്സരങ്ങളിൽ ശ്രീലങ്കയോടും സ്കോട്ട്ലാൻഡിനോടും തോറ്റതോടെ സിംബാബ്വെയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.
സിംബാബ്വെയിലെ ബുലവായോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡ് 50 ഓവറിൽ 234 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 41.1 ഓവറിൽ 203 റൺസിന് പുറത്താവുകയായിരുന്നു.
സിംബാബ്വെയോട് ജയിച്ചതോടെ സ്കോട്ട് ലാൻഡ് ആറു പോയിന്റുമായി റൺശരാശരിയുടെ ബലത്തിൽ സൂപ്പർ സിക്സ് പട്ടികയിൽ രണ്ടാമതെത്തി. വ്യാഴാഴ്ച നടക്കുന്ന സ്കോട്ട്ലാൻഡ്- നെതർലൻഡ്സ് മത്സരം നിർണായകമാകും. നാല് പോയിന്റുള്ള നെതർലൻഡ്സ് ജയിച്ചാൽ സ്കോട്ട്ലാൻഡിനും സിംബാബ്വെക്കും ഒപ്പം ആറു പോയന്റാകുമെങ്കിലും റൺശരാശരിയിൽ ഏറെ മുന്നിലുള്ള സ്കോട്ട്ലാൻഡിന് തന്നെയാണ് സാധ്യത. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.