ബെനോനി (ദക്ഷിണാഫ്രിക്ക): അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. യു.എ.ഇയെ 122 റൺസിനാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ് ഡിയിൽ ഒന്നാമതുള്ള ഇന്ത്യ ഒരു മത്സരം ബാക്കിയിരിക്കെ സൂപ്പർ സിക്സിലേക്ക് ഏറെക്കുറെ അടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 219 റൺസെന്ന വമ്പൻ സ്കോർ പടുത്തുയർത്തി. യു.എ.ഇക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 34 പന്തിൽ 78 റൺസെടുത്ത ക്യാപ്റ്റനും ഓപണറുമായ ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഉജ്ജ്വല ഫോം തുടരുന്ന മറ്റൊരു ഓപണർ ശ്വേത ഷെരാവത്ത് 49 പന്തിൽ 78 റൺസുമായി പുറത്താവാതെ നിന്നു. വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് 29 പന്തിൽ 49ഉം റൺസെടുത്തു.
ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ് ക്യാപ്റ്റൻ തീർഥ സതീഷ് ഉൾപ്പെടെ യു.എ.ഇ ടീമിലെ ബഹുഭൂരിഭാഗം താരങ്ങളും. ഗീതിക ജ്യോതിസ് തിരുവനന്തപുരം സ്വദേശിനിയും ഇഷിത സെഹ്റ തലശ്ശേരിക്കാരിയുമാണ്. സിയ സ്വരൂപ് ഗോഖലെ, ഇന്ദുജ നന്ദകുമാർ, വൈഷ്ണവി മഹേഷ്, ലാവണ്യ കെനി, റിനിത രജിത്, സഹോദരി റിഷിത രജിത് തുടങ്ങിയവരാണ് യു.എ.ഇ കൗമാര സംഘത്തിലെ മറ്റു ഇന്ത്യക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.