ഐ.പി.എല്ലിൽ 5000 റൺസെന്ന നാഴികക്കല്ല് എം.എസ് ധോണി പിന്നിട്ടിരിക്കുന്നു. മൂന്ന് സീസണുകള്‍ക്ക് ശേഷം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്കുള്ള ഐ.പി.എൽ മടങ്ങിവരവിലാണ് സൂപ്പര്‍ കിങ്‌സ് നായകൻ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 20ാം ഓവറില്‍ മാര്‍ക്ക് വുഡിന്‍റെ തുടര്‍ച്ചയായ രണ്ട് പന്തുകൾ സിക്‌സർ പറത്തിയാണ് ഐ.പി.എല്ലിൽ 5000 റണ്‍സ് ക്ലബിലെത്തിയത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന എന്നിവര്‍ക്ക് ശേഷം ഐ.പി.എല്ലില്‍ 5000 റണ്‍സ് തികക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ ധോണി.
പിന്നാലെയാണ് ധോണിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ സൂപ്പർ ബാറ്റർ വീരേന്ദർ സെവാഗ് രംഗത്തുവന്നത്. ധോണി നേട്ടങ്ങൾക്കു പിന്നാലെ പോകുന്നവനല്ലെന്നും ഐ.പി.എല്ലിൽ 5000 റൺസെന്ന നേട്ടം അദ്ദേഹത്തിൽ മാറ്റമൊന്നും വരുത്തില്ലെന്നും സെവാഗ് പ്രതികരിച്ചു. ഐ.പി.എല്ലിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർ കൂടിയാണ് ധോണി.
‘5000, 3000 അല്ലെങ്കിൽ 7000 റൺസ് നേട്ടം എന്തു മാറ്റമാണ് വരുത്തുന്നതെന്ന് ധോണിയോട് ചോദിച്ചാൽ, കിരീടം നേടുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം മറുപടി പറയും, അതാണ് ചെയ്യുന്നതും. അവൻ നാഴികക്കല്ലുകളുടെ പിന്നാലെ പോകുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല’ -ചെന്നൈ-ലഖ്നോ മത്സരശേഷം സെവാഗ് പറഞ്ഞു.
വിരമിക്കലിനുശേഷം മാത്രമേ റെക്കോഡുകളും നാഴികക്കല്ലുകളും ഓർക്കൂ. ഞാനും അത്തരക്കാരനായിരുന്നു. എത്ര റൺസ് നേടിയുണ്ടെന്ന് ആർക്കാണാറിയുക. വിരമിക്കുമ്പോൾ മാത്രമാണ് ഐ.പി.എല്ലിൽ ഈ താരം ഇത്രയധികം റൺസ് നേടിയതായി ഓർക്കൂവെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.