മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് പാകിസ്താനെതിരെയുള്ള ബാറ്റിങ് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഈ അയൽ രാജ്യത്തിനെതിരെ മാത്രം താരം 2347 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 1276 റൺസും ഏകദിനത്തിൽ 1071 റൺസും. പത്തു സെഞ്ച്വറികളും നാല് അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.
താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും പാകിസ്താനെതിരെയായിരുന്നു. 2004ൽ മുൽട്ടാനിൽ താരം നേടിയ 309 റൺസ് ചരിത്രമായിരുന്നു. ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ നേടുന്ന ആദ്യ ട്രിപ്പ്ൾ സെഞ്ച്വറി. ലോക ക്രിക്കറ്റിലെ ആക്രമണകാരിയായ ബാറ്ററിലേക്കുള്ള താരത്തിന്‍റെ യാത്ര തുടങ്ങുന്നതും അവിടെ നിന്നാണ്.
സെവാഗിന്‍റെ ബാറ്റിങ് രീതി ടെസ്റ്റ് മത്സരങ്ങൾക്ക് അനുയോജ്യമല്ലെന്നും അദ്ദേഹമൊരു ടെസ്റ്റ് താരമല്ലെന്നുമുള്ള വിമർശനങ്ങൾക്കിടെയായിരുന്നു ഈ ട്രിപ്പ്ൾ പ്രകടനം. എന്നാൽ, ടെസ്റ്റിനു പിന്നാലെ നടന്ന അഞ്ച് ഏകദിന മത്സരങ്ങളിൽ താരത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.
'മുൾട്ടാനിലെ എന്റെ 309 റൺസ്, ഇന്ത്യ-പാക് മത്സരത്തിലെ എന്റെ പ്രിയപ്പെട്ട ഓർമയാണ്, കാരണം സേവാഗിനെപോലൊരു ഓപ്പണർ 300 റൺസ് സ്കോർ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സെവാഗ് ടെസ്റ്റ് കളിക്കാരനല്ല, അദ്ദേഹത്തിന് വലിയ റൺസ് നേടാനാകില്ല എന്നായിരുന്നു ഞാൻ കളിക്കുമ്പോൾ മാധ്യമങ്ങളും കമന്റേറ്റർമാരും പറഞ്ഞിരുന്നത്' -താരം പറയുന്നു.
ശുഹൈബ് അക്തറിന്‍റെയും മുഹമ്മദ് സമിയുടെയും സ്പെൽ ഓവറിനെ ഞാൻ ഭയന്നിരുന്നു. ശുഹൈബ് 155 കി.മീ വേഗതയിലും സമി 145 കി.മീ വേഗതയിലും സ്ഥിരമായി പന്തെറിഞ്ഞിരുന്നു. ഇവരുടെ സ്പെൽ തീർന്നതോടെ ശബീർ അഹ്മദും അബ്ദുൾ റസാഖുമാണ് പന്തെറിയാനെത്തിയത്. അപ്പോൾ സ്പിന്നറെ നേരിടുന്നതുപോലെ എനിക്ക് തോന്നി. ശുഹൈബിന്‍റെയും സമിയുടെയം 12 ഓവർ കളിക്കാനായത് എന്റെ ആത്മവിശ്വാസം ഉയർത്തിയെന്നും സെവാഗ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.