ഷഹീദ് അഫ്രീദി, ഷഹീൻ അഫ്രീദി
വെല്ലിങ്ടൺ: ന്യൂസിലൻഡ് - പാകിസ്താൻ ട്വന്‍റി20 പരമ്പയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ചയാണ് നടക്കുന്നത്. ഇതുവരെ നടന്ന നാലിൽ മൂന്ന് മത്സരങ്ങളിലും തോറ്റ പാകിസ്താൻ പരമ്പര കൈവിട്ടു. അവസാന മത്സരം പാകിസ്താനെ സംബന്ധിച്ച് അഭിമാന പേരാട്ടമാണ്. സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ജയം പോലുമില്ലാതെ ടൂർണമെന്‍റിൽനിന്ന് പുറത്തായതിന്‍റെ നാണക്കേട് മാറുംമുമ്പേയാണ് പാക് ടീമിന് അടുത്ത പരമ്പരയും നഷ്ടമാകുന്നത്. അവസാന മത്സരത്തിൽ മരുമകൻ ഷഹീൻ അഫ്രീദിയേയും ഓൾറൗണ്ടർ ഷദാബ് ഖാനെയും പുറത്തിരുത്തണമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ താരം ഷഹീദ് അഫ്രീദി.
“അവസാന മത്സരത്തിന് ബെഞ്ചിലിരുത്തിയ താരങ്ങൾക്ക് അവസരം നൽകണം. പരമ്പര എന്തായാലും കൈവിട്ടു. ഷദാബിനും ഷഹീനും വിശ്രമം നൽകാം” -അഫ്രീദി എക്സിൽ കുറിച്ചു. പരമ്പരയിലെ മൂന്നാം മത്സരത്തിൽ 205 റൺസ് പിന്തുടർന്ന് ജയിക്കാനായെങ്കിലും മറ്റ് കളികളിൽ 92, 135, 105 എന്നിങ്ങനെയാണ് പാകിസ്താൻ ടീം സ്കോർ ചെയ്തത്. ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും പരമ്പരയിൽ ഒരിക്കൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാനുമായില്ല.
ബാബർ അസമിനും മുഹമ്മദ് റിസ്വാനും പാകിസ്താൻ ട്വന്‍റി20 ടീമിൽ ഇടംനൽകിയിരുന്നില്ല. ഇതോടെ ബാറ്റിങ് നിരയിൽ പരിചയ സമ്പന്നരുടെ അഭാവം ടീമിന് വെല്ലുവിളിയായി. ബാറ്റിങ് ലൈനപ്പിൽ സ്ഥിരത കണ്ടെത്താനാകാതെ വന്നതോടെ കിവീസിനോട് ദയനീയ പരാജയമേറ്റുവാങ്ങുകയും ചെയ്തു. അതേസമയം ബാബറും റിസ്വാനും ഏകദിന പരമ്പരയിൽ തിരിച്ചെത്തും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
അതേസമയം ഏകദിന പരമ്പരക്കുള്ള കിവീസ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ടോം ലാഥം നയിക്കുന്ന ടീമിൽ ചാമ്പ്യൻസ് ട്രോഫി കളിച്ച എട്ട് താരങ്ങളുണ്ട്. പുതുമുഖ താരങ്ങൾക്കും അവസരം നൽകിയപ്പോൾ, ഐ.പി.എൽ കളിക്കുന്ന ഏതാനും സീനിയർ താരങ്ങൾ പരമ്പരക്കുണ്ടാകില്ല.
ന്യൂസീലൻഡ് സ്ക്വാഡ്: ടോം ലാഥം (ക്യാപ്റ്റൻ), മുഹമ്മദ് അബ്ബാസ്, ആദി അശോക്, മൈക്കൽ ബ്രേസ്വെൽ, മാർക് ചാപ്മാൻ, ജേക്കബ് ഡഫി, മിച്ച് ഹേ, നിക് കെല്ലി, ഡാരിൽ മിച്ചൽ, വിൽ ഒറൂക്, ബെൻ സിയേഴ്സ്, നേഥൻ സ്മിത്ത്, വിൽ യങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.