ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യ ഐ.പി.എൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സ് തോറ്റിരുന്നു. ലഖ്നൗ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഡൽഹി ഒരു വിക്കറ്റും മൂന്ന് പന്തും ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന ത്ലില്ലർ പോരാട്ടത്തിൽ ഇംപാക്ട് പ്ലെയറായിറങ്ങിയ അശുതോഷ് ശർമയാണ് ഡൽഹിക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.
എന്നാൽ അശുതോഷ് മാത്രമല്ലായിരുന്നു ഡൽഹിയുടെ ഹീറോ. ലഖ്നൗ സൂപ്പർജയന്‍റ്സ് മത്സരം ജയിക്കുമെന്ന് തോന്നിച്ച സാഹചര്യത്തിൽ കളി തട്ടിയെടുത്ത 20 വയസുകാരനായ വിപ്രജ് നിഗവും ഡൽഹി ക്യാപിറ്റസിന്‍റെ ഹീറോയാണ്. ലഖ്‌നൗവിന്റെ ആത്മ വിശ്വാസം തകർത്തത് ഈ 20 വയസ്സ് മാത്രം പ്രായമുള്ള ഉത്തർപ്രദേശുകാരനായിരുന്നു. വെറും 15 പന്തിൽ രണ്ട് സിക്‌സറും അഞ്ചുഫോറുമടക്കം 39 റൺസാണ് തരാം നേടിയത്. അശുതോഷ് 20 പന്തിൽ 20 റൺസ് നേടി ആങ്കർ ചെയ്ത് കളിക്കുന്ന സമയത്ത് കൂടിയായിരുന്നു വിപ്രജിന്റെ ഈ പ്രകടനം. നേരത്തെ ബൗളിങ്ങിൽ എയ്ഡൻ മാർക്രമിനെ പുറത്താക്കിയും വിപ്രജ് കളം നിറഞ്ഞിരുന്നു.
50 ലക്ഷത്തിനായിരുന്നു വിപ്രജിനെ ഡൽഹി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നടന്ന യു.പി ട്വന്‍റി-20 സീസണിലാണ് ഈ യുവ ഓൾറൗണ്ടർ ശ്രദ്ധിക്കപ്പെടുന്നത്. യു.പി ഫാൽക്കൺസിന് വേണ്ടി 12 മത്സരങ്ങൾ കളിച്ച അദ്ദേഹം, 11.15 സ്ട്രൈക്ക് റേറ്റിൽ 7.45 ഇക്കോണമിയിൽ 20 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
എല്ലാ ഫോർമാറ്റുകളിലും ഉത്തർപ്രദേശിനായി അരങ്ങേറ്റം കുറിച്ചുകൊണ്ട് അദ്ദേഹം ആഭ്യന്തര കരിയർ ആരംഭിച്ചു. 2024-25 സീസണിൽ, മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും, അഞ്ച് ലിസ്റ്റ്-എ മത്സരങ്ങളിലും, ഏഴ് ടി20കളിലും കളിച്ച അദ്ദേഹം 103 റൺസും ഒമ്പത് വിക്കറ്റുകളും നേടി. ഡൽഹിക്ക് വേണ്ടി ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത വിപ്രജ് ഈ സീസണിൽ ടീമിന്‍റെ പ്രധാന താരങ്ങളിൽ ഒരാളാകുമെന്നാണ് ഡൽഹി ക്യാപിറ്റൽസ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.