ഐ.പി.എൽ 18ാം സീസണിലെ വെടിക്കെട്ടിന് തിരികൊളുത്തികൊണ്ടാണ് ഡൽഹി ക്യാപിറ്റൽസ്- ലഖ്നൗ സൂപ്പർജയന്‍റ്സ് മത്സരം കടന്നുപോയത്. അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലറിൽ ലഖ്നൗവിനെ തകർത്ത് ഡൽഹി ത്രസിപ്പിക്കുന്ന വിജയം നേടുകയായിരുന്നു. 31 പന്തിൽ 66 റൺസ് നേടി അശുതോഷ് ശർമയാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന് വേണ്ടി ഫിനിഷിങ്ങിൽ മിന്നിതിളങ്ങിയ താരം ഇത്തവണ തുടക്കം തന്നെ മിന്നിച്ചിരിക്കുകയാണ്.
ആദ്യ 20 പന്തിൽ നങ്കൂരമിട്ട് കളിച്ച അശുതോഷ് 20 റൺസാണ് നേടിയത് എന്നാൽ അവസാന ഓവറുകളിൽ വിപ്രജ് നിഗവുമായി ചേർന്ന് അശുതോഷ് ആഞ്ഞടിക്കുകയായിരുന്നു. അടുത്ത 11 പന്തിൽ നിന്നും 46 റൺസാണ് അശുതോഷിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. അഞ്ച് ഫോറും അഞ്ച് സിക്സറും അദ്ദേഹത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. അശുതോഷിന്‍റെ ഈ പ്രകടനം എക്കാലവും ഓർത്തിരിക്കുന്നതായിരിക്കുമെന്ന് പറയുകയാണ് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ.
'അശുതോഷ് കളിച്ച ഇന്നിങ്സ് ഒരുപാട്,ഒരുപാട് കാലം ഓർത്തിരിക്കും, അത് മികച്ച സ്ട്രോക്ക് പ്ലേ കൊണ്ട് മാത്രമല്ല, അത്രയും പ്രഷർ നിറഞ്ഞ ഗെയിം ആയതുകൊണ്ടും കൂടിയാണ്. കഴിഞ്ഞ വർഷവും അശുതോഷ് ഇത് ചെയ്യുന്നത് നമ്മൽ കണ്ടതാണ്, അതിന് ശേഷം അവന്‍റെ കോൺഫിഡൻസ് ഒരുപാട് വളർന്നു. മുമ്പ് ഒരുപാട് വട്ടം ചെയ്തത്കൊണ്ട് ഈ സീസണിൽ വമ്പൻ കോൺഫിഡൻസിലാണ് അവൻ എത്തിയത്.
ആഭ്യന്തര ക്രിക്കറ്രിലും അവൻ മോശമല്ലാതെ കളിച്ചു. അതിനാൽ ആവൻ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ആദ്യ പന്ത് മുതൽ അവൻ ബാറ്റിനെ നടുഭാഗഗത്താണ് കൊള്ളിക്കുന്നത്. പന്ത് അടിച്ച് ആഴത്തിലെത്തിക്കാനും അവന് സാധിച്ചു. ബൗണ്ടറി കടക്കുന്ന സംഭവിക്കുന്ന സിക്സറുകളല്ല അത്. സ്റ്റാൻഡിലെത്തുന്ന മികച് ഷോട്ടുകളാണ് അവൻ അടിച്ചതെല്ലാം,' ഗവാസ്കർ പുകഴ്ത്തി.
മത്സരത്തിൽ ഒരു വിക്കറിനായിരുന്നു ഡൽഡഹിയുടെ വിജയം. ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന് സ്കോർ ബോർഡിൽ രണ്ടക്കം തികയും മുമ്പ് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഷാർദുൽ ഠാക്കൂറിൻ്റെ ആദ്യ ഓവറിൽ ജേക്ക് ഫ്രേസർ മക്‌ഗർക് (ഒന്ന്), അഭിഷേക് പൊരൽ (പൂജ്യം) എന്നിവർ വീണപ്പോൾ രണ്ടാം ഓവറിൽ സമീർ റിസ്വിയും (നാല്) കൂടാരം കയറി. നാലാം വിക്കറ്റിലൊന്നിച്ച ഫാഫ് ഡൂപ്ലെസിസും ക്യാപ്റ്റൻ അസർ പട്ടേലും ചേർന്ന് സ്കോർ 50 കടത്തി. 11 പന്തിൽ 22 റൺസ് നേടിയ അക്‌സർ പട്ടേൽ പുരാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
സ്കോർ 65ൽ നിൽക്കേ ഡൂപ്ലെസിസ് മടങ്ങിയത് ആരാധകർക്ക് നിരാശയായി. 18 പന്തിൽ 29 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് (22 പന്തിൽ 34) 13-ാം ഓവറിൽ ക്ലീൻ ബൗൾഡായി. അപ്രതീക്ഷിത പ്രകടനവുമായി കളംനിറഞ്ഞ അരങ്ങേറ്റക്കാരൻ വിപ്രജ് നിഗം (15 പന്തിൽ 39) അശുതോഷുമായി കളി ഡൽഹിയുടെ വരുതിയിലാക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷിൻ്റെയും (72) നിക്കോളസ് പുരാന്റെയും (75) ബാറ്റിങ് കരുത്തിലാണ് ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ 210 റൺസിൻ്റെ വിജയലക്ഷ്യമുയർത്തിയത്. ഇരുവരുമൊന്നിച്ച രണ്ടാം വിക്കറ്റിലെ 87 റൺസ് കൂട്ടുകെട്ട് സൂപ്പർ ജയൻ്റ്സിൻ്റെ ഇന്നിങ്സിൽ നിർണായകമായി. ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.