പാകിസ്താനായി ഇനി കളിക്കാൻ താൽപര്യമില്ല; ട്വന്‍റി20 ലീഗിൽ തുടരുമെന്നും ശുഐബ് മാലിക്

ഇസ്ലാമാബാദ്: പാകിസ്താൻ ദേശീയ ടീമിനായി ഇനി കളിക്കാൻ താൽപര്യമില്ലെന്ന് വെറ്ററൻ താരം ശുഐബ് മാലിക്. ഇതുവരെയുള്ള തന്‍റെ കരിയറിൽ സംതൃപ്തനാണെന്നും ക്രിക്കറ്റിൽനിന്ന് വിരമിക്കില്ലെന്നും ഓൾ റൗണ്ടർ പറഞ്ഞു.

2021 നവംബറിലാണ് മുൻ നായകൻ കൂടിയായ ശുഐബ് പാകിസ്താൻ ടീമിനൊപ്പം അവസാനമായി കളിച്ചത്. കഴിഞ്ഞ രണ്ടു ട്വന്‍റി20 ലോകകപ്പിലും താരത്തിന് ടീമിൽ അവസരം ലഭിച്ചില്ല. 1999ലാണ് താരം ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. പാകിസ്താനായി 35 ടെസ്റ്റുകളും 287 ഏകദിനങ്ങളും 124 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അതേസയമം, ട്വന്‍റി20 ലീഗിൽ തുടരുമെന്നും താരം വ്യക്തമാക്കി.

‘വർഷങ്ങളോളം കളിക്കാനായതിൽ ഞാൻ തൃപ്തനാണ്, പാകിസ്താനായി ഇനി കളിക്കാൻ താൽപര്യമില്ല. ട്വന്‍റി20 ലീഗുകളിൽ കളിക്കും, ലഭ്യമായ ഏത് അവസരവും പ്രയോജനപ്പെടുത്താൻ ശ്രമിക്കും. എന്നാലും പാകിസ്താനായി കളിക്കാൻ ആഗ്രഹമില്ല’ -ശുഐബ് പ്രതികരിച്ചു. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.

‘രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കമോ, മറ്റു പ്രശ്നങ്ങളോ വേറെ തന്നെ വിഷയമാണ്. അത്തരം കാര്യങ്ങൾ പ്രത്യേകം തന്നെ പരിഹരിക്കണം. രാഷ്ടീയത്തെ സ്പോർട്സുമായി ബന്ധപ്പെടുത്തരുത്. കഴിഞ്ഞ വർഷം പാകിസ്താൻ ടീം ഇന്ത്യയിലേക്ക് പോയിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിന് പാകിസ്താനിലേക്ക് വരാനുള്ള അവസരമാണ്. ഇന്ത്യൻ ടീമിലെ നിരവധി താരങ്ങൾ ഇതുവരെ പാകിസ്താനിൽ കളിക്കാത്തവരാണ്, അവർക്കിത് നല്ലൊരു അവസരമാണ്. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വരുമെന്നു തന്നെയാണ് വിശ്വാസം’ -ശുഐബ് പറഞ്ഞു.

Tags:    
News Summary - Shoaib Malik Says He is No Longer Interested In Representing Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.