ശ്രേയസ് അയ്യർക്ക് പരിക്ക്; ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന ടെസ്റ്റുകൾക്കില്ലെന്ന് റിപ്പോർട്ട്

രാജ്കോട്ട്: ഇന്ത്യയുടെ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്ക് ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. കടുത്ത പുറംവേദന അലട്ടുന്ന താരം നാട്ടിലേക്ക് മടങ്ങുമെന്ന വാർത്തയാണ് ദേശീയ മാധ്യമങ്ങൾ പങ്കുവെക്കുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അയ്യരുടെ പിന്മാറ്റം. ഫോര്‍വേഡ് ഡിഫന്‍സ് നടത്തുമ്പോള്‍ പുറത്ത് അസ്വസ്തതയും ഞരമ്പുകള്‍ക്ക് വേദനയും ഉണ്ടെന്ന് അയ്യർ മെഡിക്കൽ വിഭാഗത്തോട് അറിയിച്ചിരുന്നു.

ഇന്ത്യയിലെ മറ്റുകളിക്കാരുടെ കിറ്റുകൾ വിശാഖപ്പട്ടണത്ത് നിന്ന് മൂന്നാം ടെസ്റ്റ് നടക്കുന്ന രാജ്കോട്ടിലേക്ക് അയച്ചപ്പോൾ ശ്രേയസ് അയ്യരുടെ കിറ്റ് അദ്ദേഹത്തിന്റെ നാടായ മുംബൈയിലേക്ക് അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. അയ്യർക്ക് ഏറ്റവും മോശം സമയത്താണ് പരിക്ക് വില്ലനാകുന്നത്. 13 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർധ സെഞ്ച്വറി പോലും നേടിയിട്ടില്ലാത്ത താരം പുറത്താകലിന്റെ വക്കിലായിരുന്നു. സ്പിന്നിൽ നന്നായി കളിക്കുന്ന താരമായിട്ടും ഇംഗ്ലണ്ട് പരമ്പരയിൽ സ്പിന്നർമാർക്കെതിരെയാണ് നാല് തവണയും പുറത്തായത്.

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് തുടർച്ചയായി താരങ്ങളുടെ പരിക്ക് വില്ലനാകുകയാണ്. മിന്നും ഫോമിലായിരുന്ന കെ.എൽ.രാഹുൽ, രവീന്ദ്ര ജദേജ എന്നിവർ പരിക്കിനെ തുടർന്ന് ഒന്നാം ടെസ്റ്റിന് ശേഷം കളംവിട്ടു. ആദ്യ രണ്ടുടെസ്റ്റിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിന്ന സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി മൂന്നാം ടെസ്റ്റിലും കളിക്കില്ലെന്ന് ഉറപ്പായതോടെ പരിചയസമ്പന്നരായ താരങ്ങളില്ലാതെ പരമ്പര പൂർത്തീകരിക്കേണ്ട അവസ്ഥയിലാണ്. 

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിലാണ്. ബാസ്ബാൾ തന്ത്രവുമായെത്തിയ ഇംഗ്ലണ്ട് ഹൈദരാബാദിൽ നടന്ന ആദ്യ മത്സരം ജയിച്ചപ്പോൾ വിശാഖപ്പട്ടണത്തെ രണ്ടാമത്തെ ടെസ്റ്റിൽ ഗംഭീര ജയവുമായി ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. 

Tags:    
News Summary - Shreyas Iyer an injury doubt for Rajkot Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.