കിടിലൻ ഫോമിലാണ് ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗിൽ. ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്ത 24-കാരൻ ഇന്ത്യൻ പ്രീമിയൽ ലീഗിൽ ഗുജറാത്ത് ടൈറ്റാൻസിന് വേണ്ടി 17 മത്സരങ്ങളിൽ നിന്ന് 890 റൺസ് നേടി ഓറഞ്ച് ക്യാപ്പും നേടുകയുണ്ടായി. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും ഗില്ലിന്റെ പേരിലാണ്. അതുപോലെ, 2023 ൽ ടീം ഇന്ത്യയ്‌ക്കായി ഗെയിമിന്റെ മൂന്ന് ഫോർമാറ്റുകളിലും കുറഞ്ഞത് ഒരു സെഞ്ചുറിയെങ്കിലും നേടാനായ ഒരേയൊരു ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയാണ് ഗിൽ.
ഇന്ത്യൻ നായകൻ രോഹിത് ശർമയും ഗില്ലുമടങ്ങുന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ബാറ്റിങ്ങിന്റെ അടിത്തറ. 17 ഏകദിനങ്ങളിൽ 78.50 ശരാശരിയിൽ 1256 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ശുഭ്മാനെപ്പോലെ, രോഹിതും ഈ വർഷം മികച്ച ഫോമിലാണ്. ഈ വർഷം ഏകദിനത്തിൽ 1000+ റൺസ് തികച്ച രണ്ടാമത്തെ ഇന്ത്യനും മൊത്തത്തിൽ മൂന്നാമത്തെ ബാറ്ററുമാണ് താരം.
ലങ്കക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഗിൽ, സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ, തന്റെ നിലവിലെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെക്കുറിച്ചും ടീമിലെ തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചും, ചെറുപ്പം മുതലുള്ള തന്റെ ആരാധനാപാത്രമായ ക്രിക്കറ്ററെ കുറിച്ചും മനസു തുറന്നു.
ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറെയാണ് താൻ ആരാധിക്കുന്നതെന്നും മാതൃകയാക്കുന്നതെന്നും ഗിൽ പറഞ്ഞു. ടീമിലെ തന്റെ ഉറ്റ സുഹൃത്തായി ഇഷാൻ കിഷനെയും തിരഞ്ഞെടുത്തു. എന്നാൽ, നിലവിലെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിനെ കുറിച്ചുള്ള ചോദ്യത്തിൽ ഗിൽ രോഹിതിന് പകരം വിരാട് കോഹ്‍ലിയുടെ പേരാണ് പറഞ്ഞത്.
നവംബർ ഒന്നിന് പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റ്‌സ് റാങ്കിംഗ് പട്ടികയിൽ ഗിൽ, രോഹിത്, വിരാട് എന്നിവർ മാത്രമാണ് ആദ്യ 10-ൽ ഇടം നേടിയ മൂന്ന് ഇന്ത്യൻ ബാറ്റർമാർ. ഗിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ, രോഹിത് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. കോഹ്‌ലി ഏഴാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.