മുംബൈ: വ്യാഴാഴ്ച നടന്ന ഐ.പി.എൽ പോരാട്ടത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിന് അനായാസം കീഴടക്കിയതിന് പിന്നാലെ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. മത്സരത്തിൽ നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനെ 196 റൺസിൽ ഒതുക്കുന്നതിൽ നിർണായകമായത് ബുംറയുടെ വിക്കറ്റ് വേട്ടയായിരുന്നു.
ടൂർണമെന്റിലെ റൺ വേട്ടക്കാരിൽ ഒന്നാമതുള്ള വിരാട് കോഹ്‍ലിയായിരുന്നു ആദ്യ ഇര. മൂന്ന് റൺസ് മാത്രമായിരുന്നു അപ്പോൾ കോഹ്‍ലിയുടെ സമ്പാദ്യം. തുടർന്ന് ക്യാപ്റ്റൻ ഫാഫ് ഡു പ്ലസി (61), മഹിപാൽ ലൊംറോർ (0) എന്നിവരെ 17ാം ഓവറിലെ തൊട്ടടുത്ത പന്തുകളിൽ പുറത്താക്കി. 19ാം ഓവറിൽ സൗരവ് ചൗഹാൻ (9), വിജയ്കുമാർ വൈശാഖ് (0) എന്നിവരെയും തൊട്ടടുത്ത പന്തുകളിൽ മടക്കിയതോടെയാണ് അഞ്ച് വിക്കറ്റ് നേട്ടമായത്. ഐ.പി.എൽ സീസണിൽ അഞ്ച് മത്സരങ്ങളിൽ 10 വിക്കറ്റുമായി യുസ്വേന്ദ്ര ചാഹലിനൊപ്പം ഒന്നാം സ്ഥാനത്താണ് ബുംറ.
മത്സരശേഷം ബുംറയുടെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിക്കാൻ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് പേസറും ഇന്ത്യൻ ടീമിലെ സഹതാരവുമായ മുഹമ്മദ് സിറാജുമെത്തി. സിറാജ് തലതാഴ്ത്തി വണങ്ങിയപ്പോൾ ബുംറ കൂട്ടുകാരനെ കെട്ടിപ്പിടിച്ചു. ഇതിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.