രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യയുടെ മുൻ മലയാളി പേസർ എസ്. ശ്രീശാന്ത്. 2011ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ലോക കീരിടം നേടിയ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. ഇത്തവണ ഇന്ത്യൻ ടീം മൂന്നാം ലോക കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
രോഹിത്തും സംഘവും ഫൈനലിലെത്തുമെന്നും ന്യൂസിലൻഡാകും ഇന്ത്യയുടെ എതിരാളികളെന്നും താരം പ്രവചിക്കുന്നു. 2019 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോൽവി വഴങ്ങിയതിന്‍റെ കണക്ക് ഇത്തവണ തീർക്കുമെന്നും അങ്ങനെ 12 വർഷത്തിനുശേഷം ഇന്ത്യ മറ്റൊരു ലോകകപ്പ് നേടുമെന്നും താരം പറയുന്നു. ഇന്ത്യക്കു പുറമെ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, പാകിസ്താൻ ടീമുകളാണ് ക്രിക്കറ്റ് പണ്ഡിറ്റുകളുടെ കിരീട സാധ്യത പട്ടികയിൽ ഇത്തവണ ഇടംനേടിയിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായാണ് ന്യൂസിലൻഡ് ശ്രീശാന്തിന്‍റെ പ്രവചനത്തിൽ ഇടംനേടിയത്.
‘ഫൈനൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലായിരിക്കും. നമ്മൾ 2019 ലോകകപ്പ് തോൽവിയുടെ കണക്ക് തീർക്കും, ശ്രീലങ്ക 50ന് പുറത്തായതിനു സമാനമായ എന്തെങ്കിലുമാണ് പ്രതീക്ഷിക്കുന്നത്. ഞാൻ വളരെ പോസിറ്റീവാണ്, ഇന്ത്യൻ ആരാധകരെന്ന നിലയിൽ എല്ലാവരും ഇന്ത്യയുടെ വിജയത്തെക്കുറിച്ച് മാത്രം ചിന്തിക്കുക’ -40കാരനായ ശ്രീശാന്ത് ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2007 ട്വന്‍റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ശ്രീശാന്ത് ഉണ്ടായിരുന്നു. ഈ ലോകകപ്പിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ, ഫോമിലുള്ള സ്പിന്നർ കുൽദീപ് യാദവ് എന്നിവർ ഇന്ത്യയുടെ വിജയത്തിൽ നിർണായകമാകും. പരമ്പരയുടെ താരത്തിനുള്ള മത്സരത്തിൽ ആദ്യത്തെ മൂന്നുപേരിൽ ഇരുവരും ഇടംപിടിക്കുമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.