ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കക്ക്. ഫൈനലിൽ പാകിസ്താനെ 23 റൺസിന് തോൽപിച്ചായിരുന്നു ലങ്കയുടെ കിരീടധാരണം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസടിച്ചപ്പോൾ പാകിസ്താന്റെ മറുപടി 147ലൊതുങ്ങി.
നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്നു വിക്കറ്റെടുത്ത വാനിന്ദു ഹസരംഗയുമാണ് പാക് ബാറ്റിങ് നിരയെ തകർത്തത്. 55 റൺസടിച്ച മുഹമ്മദ് റിസ്‍വാനും 32 റൺസെടുത്ത ഇഫ്തികാർ അഹ്മദും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിന്നത്. എന്നാൽ, ഇരുവരും ഏറെപന്തുകൾ പാഴാക്കിയത് വിനയായി. നായകൻ ബാബർ അസം (5), ഫഖർ സമാൻ (0), മുഹമ്മദ് നവാസ് (6), ഖുശ്ദിൽ ഷാ (2), ആസിഫ് അലി (0) തുടങ്ങിയവരെല്ലാം ബാറ്റുവെച്ച് കീഴടങ്ങി.
നേരത്തേ, ഒരു ഘട്ടത്തിൽ ഒമ്പത് ഓവറിൽ അഞ്ചിന് 58 എന്ന നിലയിൽ തകർന്ന ലങ്കയെ 45 പന്തിൽ പുറത്താവാതെ 71 റൺസടിച്ച ഭാനുക രാജപക്സയുടെ ബാറ്റിങ്ങാണ് കരകയറ്റിയത്. മൂന്നു സിക്സും ആറു ഫോറുമായി രാജപക്സ അവസാനം വരെ ക്രീസിൽ തുടർന്നു. 21 പന്തിൽ ഒരു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 36 റൺസെടുത്ത ഹസരംഗ രാജപക്സക്ക് മികച്ച പിന്തുണ നൽകി. ആറാം വിക്കറ്റിൽ ഇരുവരും 36 പന്തിൽ 58 റൺസ് കൂട്ടിച്ചേർത്തു. ഹസരംഗ പുറത്തായ ശേഷമെത്തിയ ചാമിക കരുണരത്നെയെ (14 പന്തിൽ 14) കൂട്ടുപിടിച്ച് പിന്നീട് രാജപക്സ ലങ്കൻ സ്കോർ 170ലെത്തിക്കുകയായിരുന്നു. 31 പന്തിൽ ഇരുവരും അഭേദ്യമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് ചേർത്തു.
മൂന്നു വിക്കറ്റെടുത്ത മീഡിയം പേസർ ഹാരിസ് റൗഫാണ് ലങ്കൻ മുൻനിര തകർത്തത്. നസീം ഷാ, ശദാബ് ഖാൻ, ഇഫ്തികാർ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. പാതും നിസാങ്ക (8), കുശാൽ മെൻഡിസ് (0), ധനുഷ്ക ഗുണതിലക (1) എന്നിവർ അതിവേഗം മടങ്ങിയപ്പോൾ ധനഞ്ജയ ഡിസിൽവ (28) ചെറുത്തുനിൽപിന് ശ്രമിച്ചു. നായകൻ ദാസുൻ ശാനകയും (2) പെട്ടെന്ന് മടങ്ങി. പിന്നീടായിരുന്നു രാജപക്സയുടെ രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.