മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ പോലും എക്സ്ക്ലൂസിവായ ഉള്ളടക്കത്തിനായി പുറത്തുവിടുന്നുവെന്ന രോഹിത് ശർമയുടെ ആരോപണത്തിന് മറുപടിയുമായി സ്റ്റാർ സ്പോർട്സ് രംഗത്തെത്തി. സ്വാകാര്യ സംഭാഷണങ്ങൾ പുറത്തിവിട്ടിട്ടില്ലെന്നും കളിക്കാരുടെ സ്വകാര്യതയെ അങ്ങേയറ്റം ബഹുമാനിക്കുകയും പ്രഫഷണൽ പെരുമാറ്റത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾ തങ്ങൾ എല്ലാ സമയത്തും പാലിക്കാറുണ്ടെന്നും സ്റ്റാർ സ്പോർട്സ് വിശദീകരണ കുറിപ്പിൽ പറഞ്ഞു.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനും മുൻ രഞ്ജിട്രോഫി സഹതാരവുമായ അഭിഷേക് നായരോട് നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ ക്ലിപ്പുകൾ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രൂക്ഷമായ പ്രതികരണവുമായി രോഹിത് രംഗത്തെത്തിയത്. എക്സ്ക്ലൂസിവായ ഉള്ളടക്കത്തിനായി താരങ്ങളുടെ സ്വകാര്യതയിൽപ്പോലും നുഴഞ്ഞുകയറുകയാണെന്നും തന്റെ സംഭാഷണം റെക്കോഡ് ചെയ്യരുതെന്ന് സ്റ്റാർ സ്പോർട്സിനോട് ആവശ്യപ്പെട്ടിട്ടും സ്വാകാര്യതയെ മാനിക്കാതെ പുറത്തുവിട്ടെന്നുമാണ് രോഹിത് ആരോപിച്ചത്.
എന്നാൽ, രോഹിതിന്റെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിട്ടില്ലെന്നും പരിശീലനവും തയാറെടുപ്പുകളുമാണ് റെക്കോർഡ് ചെയ്തതെന്നും സ്റ്റാർ സ്പോർട്സ് അധികൃതർ വ്യക്തമാക്കി. ഓഡിയോ റെക്കോർഡ് ചെയ്യരുതെന്ന് പറയുന്നത് മാത്രമാണ് വിഡിയോയിൽ കാണിച്ചതെന്നും സ്റ്റാർ സ്പോർട്സ് വിശദീകരിച്ചു.
"ഒരു മുതിർന്ന ഇന്ത്യൻ കളിക്കാരൻ ഉൾപ്പെടുന്ന ഒരു ക്ലിപ്പും സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ പോസ്റ്റും ഇന്നലെ മുതൽ പ്രാധാന്യം നേടി. മെയ് 16 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിശീലന സെഷനിൽ എടുത്ത ക്ലിപ്പായിരുന്നു. ഇവിടേക്ക് സ്റ്റാർ സ്‌പോർട്‌സിന് പ്രവേശനം അനുവദിച്ചിരുന്നു. സുഹൃത്തുക്കളുമായി മുതിർന്ന താരം സംഭാഷത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പെട്ടെന്ന് കാണിച്ചുപോകുകയും ചെയ്തു. ഈ സംഭാഷണത്തിൽ നിന്നുള്ള ഒരു ഓഡിയോയും റെക്കോർഡ് ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തിട്ടില്ല. തന്റെ സംഭാഷണത്തിൻ്റെ ഓഡിയോ റെക്കോർഡ് ചെയ്യരുതെന്ന് സീനിയർ കളിക്കാരൻ അഭ്യർത്ഥിക്കുന്നത് മാത്രം കാണിക്കുന്ന ക്ലിപ്പ്, മത്സരത്തിന് മുമ്പുള്ള തയാറെടുപ്പുകളുടെ സ്റ്റാർ സ്‌പോർട്‌സിൻ്റെ തത്സമയ കവറേജിൽ ഇടംനേടി. ഇതിനപ്പുറം, അതിനൊരു എഡിറ്റോറിയൽ പ്രസക്തി ഇല്ലായിരുന്നു."- സ്റ്റാർ സ്പോർട്സ് വിശദീകരിച്ചു.
"ലോകമെമ്പാടും ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യുമ്പോൾ സ്റ്റാർ സ്പോർട്സ് എല്ലായ്‌പ്പോഴും പ്രഫഷണൽ പെരുമാറ്റത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം പുലർത്താറുണ്ട്. കളിക്കാരുടെ സ്വകാര്യത മാനിക്കാറുണ്ട്" -സ്റ്റാർ സ്പോർട്സ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.