ലണ്ടൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ജയം ആസ്ട്രേലിയക്ക്. ക്യാപ്റ്റൻ ബെൻസ്റ്റോക്സ് തകർപ്പൻ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും 43 റൺസ് അകലെ ഇംഗ്ലീഷുകാർ കീഴടങ്ങുകയായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ സന്ദർശകർ 2-0ത്തിന് മുമ്പിലെത്തി.
ആദ്യ ഇന്നിങ്സിൽ 416 റൺസടിച്ച ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 325 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ 279 റൺസിന് സന്ദർശകരെ പുറത്താക്കിയെങ്കിലും ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയത് ആതിഥേയർക്ക് തിരിച്ചടിയായി. 371 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് 327 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
214 പന്ത് നേരിട്ട് 155 റൺസടിച്ച ബെൻ സ്റ്റോക്സിന് പുറമെ 112 പന്ത് നേരിട്ട് 83 റൺസടിച്ച ബെൻ ഡക്കറ്റിന് മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. സാക് ക്രോളി (മൂന്ന്), ഒലി പോപ് (മൂന്ന്), ജോ റൂട്ട് (18) ഹാരി ബ്രൂക് (നാല്), ജോണി ബെയർസ്റ്റോ (10), സ്റ്റുവർട്ട് ബ്രോഡ് (11), ഒലി റോബിൻസൺ (ഒന്ന്), ജോഷ് ടോങ്ക് (19), ജെയിംസ് ആൻഡേഴ്സൺ (പുറത്താവാതെ മൂന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.
ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറൂൺ ഗ്രീൻ അവശേഷിക്കുന്ന വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ 110ഉം രണ്ടാം ഇന്നിങ്സിൽ 34ഉം റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.