ലഖ്നോ: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് 11 റൺസ് വിജയം. മഴ തടസ്സപ്പെടുത്തിയ മൽസരത്തിൽ വി.ജെ.ഡി നിയമപ്രകാരമായിരുന്നു കേരളത്തിന്റെ വിജയം.
മഴ മൂലം വൈകിത്തുടങ്ങിയ മൽസരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 13 ഓവർ വീതം നിശ്ചയിച്ചപ്പോൾ തകർത്തടിച്ചായിരുന്നു കേരള താരങ്ങൾ തുടങ്ങിയത്. സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്നുള്ള കൂട്ടുകെട്ട് അതിവേഗം സ്കോർ ചെയ്ത് മുന്നേറി.
15 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം സഞ്ജു 31 റൺസ് നേടി. രോഹൻ കുന്നുമ്മൽ 14 പന്തിൽ 19ഉം സൽമാൻ നിസാർ 20 പന്തിൽ 34ഉം റൺസ് നേടി. അവസാന ഓവറുകളിൽ 13 പന്തിൽ നിന്ന് 23 റൺസ് നേടിയ അബ്ദുൽ ബാസിതും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. കേരളം 13 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലായിരുന്നു 143 റൺസെടുത്തത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയുടെ ഓപണർ അസാൻ തോട്ടയെ പുറത്താക്കി ജലജ് സക്സേന കേരളത്തിന് മികച്ച തുടക്കം നല്കി. കാശ്യപ് ബാക്ലയെ ബേസിൽ തമ്പിയും പുറത്താക്കി. മറുവശത്ത് ഇഷാൻ ഗദേക്കർ മികച്ച പ്രകടനം തുടർന്നെങ്കിലും മഴ കളി തടസ്സപ്പെടുത്തിയതോടെ വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 7.5 ഓവറിൽ ഗോവ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെടുത്ത് നില്‍ക്കെയാണ് മഴയെ തുടർന്ന് മൽസരം നിർത്തിയത്. ഇഷാൻ ഗദേക്കർ 22 പന്തിൽ നിന്ന് 45 റൺസുമായി പുറത്താകാതെ നിന്നു. സൽമാൻ നിസാറാണ് മാൻ ഓഫ് ദി മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.