ദുബൈ: കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നായി ട്വൻറി20 ലോകകപ്പിനെത്തിയ ടീം ഇന്ത്യക്കിന്ന് ജീവന്മരണ പോരാട്ടം. ഗ്രൂപ് രണ്ടിലെ ആദ്യ കളിയിൽ പാകിസ്താനുമുന്നിൽ തകർന്നടിഞ്ഞ വിരാട് കോഹ്ലിക്കും കൂട്ടർക്കും ഞായറാഴ്ച ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനോട് ജയിച്ചേ തീരൂ.
തോറ്റാൽ, ലോകകിരീടം വീണ്ടെടുക്കാമെന്ന സ്വപ്നം ഏെറക്കുറെ കുഴിച്ചുമൂടാം. പിന്നീടുള്ള മൂന്നു മത്സരങ്ങൾ ജയിച്ചാലും സെമി ഫൈനൽ സാധ്യത വിദൂരമാണ്. ജയിച്ചാൽ, സെമി സാധ്യത സജീവമാക്കി നിലനിർത്താം. ഗ്രൂപ്പിൽ ഇന്ത്യക്കും ന്യൂസിലൻഡിനും അഫ്ഗാനിസ്താനുമെതിരെ ജയിച്ച പാകിസ്താൻ സെമി ഏെറക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
പാകിസ്താനെതിരെ കളിയുടെ എല്ലാ മേഖലകളിലും നിഷ്പ്രഭമായ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ജയിക്കണമെങ്കിൽ പ്രകടനം ഏറെ മെച്ചപ്പെടുത്തേണ്ടിവരും. ബാറ്റിങ്ങിലും ബൗളിങ്ങിലും നിറംമങ്ങിയ നിലയിലായിരുന്നു ഇന്ത്യ.
ഇടംകൈയ്യൻ പേസർ ഷഹിൻഹാ അഫ്രീദിക്ക് മുന്നിൽ മുട്ടുമടക്കിയ ഓപണർമാരായ രോഹിത് ശർമക്കും ലോകേഷ് രാഹുലിനും ഇന്ന് സമാന എതിരാളിയെ നേരിടേണ്ടിവരും- ട്രെൻറ് ബോൾട്ടിനെ. സഹപേസർ ടിം സൗത്തിയും ഇന്ത്യക്കെതിരെ മികച്ച റെക്കോഡിനുടമയാണ്. കഴിഞ്ഞ കളിയിൽ നായകൻ വിരാടും ഒരുപരിധി വരെ ഋഷഭ് പന്തുമാണ് മികച്ച കളി കെട്ടഴിച്ചത്. സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പരിക്കുമാറി എത്തിയശേഷം പഴയ ഹിറ്റിങ് ഫോമിെൻറ അടുത്തെങ്ങുമല്ലാത്ത ഹർദിക്കിെൻറ മേൽ ഏറെ സമ്മർദമുണ്ട്.
സമീപകാലത്തായി ബൗൾ ചെയ്യാത്തതും ഹർദിക്കിെൻറ ഫലപ്രാപ്തി കുറക്കുന്നു. കഴിഞ്ഞദിവസം നെറ്റ്സിൽ ഹർദിക് പന്തെറിഞ്ഞെങ്കിലും മത്സരത്തിൽ റിസ്കെടുക്കാൻ ഇന്ത്യ തുനിയുമോ എന്ന് കണ്ടറിയേണ്ടിവരും. ഹർദിക്കിന് പകരം ഇഷാൻ കിഷനെ ഇറക്കാനുള്ള സാധ്യത തള്ളാനാവില്ല.
ബാറ്റിങ് നിര തുടക്കത്തിലെ തകർച്ചക്കുശേഷം കരകയറി തരക്കേടില്ലാത്ത സ്കോർ കണ്ടെത്തിയെങ്കിലും ബൗളിങ് സംഘത്തിെൻറ മോശം പ്രകടനമാണ് ഇന്ത്യയെ ഏറെ നിരാശപ്പെടുത്തിയത്. ഭുവനേശ്വർ കുമാർ ഒരിക്കൽ കൂടി നിറംമങ്ങിയപ്പോൾ പലപ്പോഴും ടീമിെൻറ രക്ഷകനാവുന്ന ജസ്പ്രീത് ബുംറക്കും പാകിസ്താനെതിരെ അതിനുകഴിഞ്ഞില്ല.
നിർണായക ബ്രേക്ത്രൂകൾ നൽകുന്ന മുഹമ്മദ് ഷമിയും നിരായുധനായിരുന്നു. സ്പിന്നർമാരായ വരുൺ ചക്രവർത്തിക്കും രവീന്ദ്ര ജദേജക്കും കാര്യമായി ഒന്നും ചെയ്യാനുമായില്ല. ഇന്ന് ഭുവനേശ്വറിന് പകരം ശർദുൽ ഠാകൂറും ചക്രവർത്തിയുടെ സ്ഥാനത്ത് ആർ. അശ്വിനും ഇറങ്ങാൻ സാധ്യതയുണ്ടെങ്കിലും കോഹ്ലി ഒന്നും വിട്ടുപറഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.