കൊൽക്കത്ത: ലോകകപ്പിലെ മോശം പ്രകടനത്തിൽ ദക്ഷിണാഫ്രിക്കൻ നായകനും ഓപ്പണറുമായ ടെംബ ബാവുമയെ ട്രോളി നെറ്റിസൺസ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ആസ്ട്രേലിയക്കെതിരായ സെമി ഫൈനലിൽ പൂജ്യത്തിനാണ് ബാവുമ പുറത്തായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറില്‍ തന്നെ ബാവുമയെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തെ പുറത്താക്കിയത്. ലോകകപ്പിൽ കളിച്ച എട്ട് മത്സരങ്ങളിൽനിന്നായി താരത്തിന്‍റെ ആകെ സമ്പാദ്യം 145 റൺസ് മാത്രമാണ്. ലീഗ് റൗണ്ടിൽ ലഖ്നോവിൽ ഓസീസിനെതിരെ നേടിയ 35 റൺസാണ് മികച്ച പ്രകടനം. എട്ട്. 16, 28, 24, 11, 23 എന്നിങ്ങനെയാണ് മറ്റു ടീമുകൾക്കെതിരെ ബാവുമയുടെ സംഭാവന.
താരത്തിന്‍റെ മോശം ഫോമിൽ നേരത്തെ തന്നെ ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു. ആദ്യ ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ടാണ് ദക്ഷിണാഫ്രിക്ക സെമിയിൽ കളിക്കാനിറങ്ങിയത്. ലീഗ് റൗണ്ടിൽ തകർപ്പൻ പ്രകടനം നടത്തിയ ടീം ഇത്തവണ ഫൈനലിൽ കടക്കുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ആരാധകർ. ലീഗ് റൗണ്ടിൽ 14 പോയന്റുമായി രണ്ടാംസ്ഥാനത്തായിരുന്നു. എന്നാൽ, തകർച്ചയോടെ തുടങ്ങിയ പ്രോട്ടീസിനെ ഡേവിഡ് മില്ലറുടെ സെഞ്ച്വറിയും ഹെൻറിച് ക്ലാസിന്‍റെ ബാറ്റിങ്ങുമാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്.
ഒടുവിൽ 49.4 ഓവറിൽ 212 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായി. ദക്ഷിണാഫ്രിക്ക 1999, 2007 ലോകകപ്പിൽ സെമിഫൈനൽ കളിച്ചെങ്കിലും ഓസീസിനോട് തോറ്റ് പുറത്തായി. ലീഗ് റൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ദക്ഷിണാഫ്രിക്കക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.