ബംഗളൂരു: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മോശം പ്രകടനത്തിന് ‘പരിഹാരം’ നിർദേശിച്ച് ഇന്ത്യൻ ടെന്നിസ് ഇതിഹാസം മഹേഷ് ഭൂപതി. മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ പുതിയ ഉടമകൾക്ക് വിൽക്കാൻ ബി.സി.സി.ഐ മുന്‍കൈയെടുക്കണമെന്നാണ് ഭൂപതി നിർദേശിക്കുന്നത്.
‘സ്പോർട്സിനും ഐ.പി.എല്ലിനും ആരാധകർക്കും താരങ്ങൾക്കും വേണ്ടി, ആർ.സി.ബിയെ വളര്‍ത്താൻ കഴിയുന്ന പുതിയ ഉടമകൾക്ക് വിൽക്കാൻ ബി.സി.സി.ഐ നടപടിയെടുക്കണം’ –എന്നാണ് കർണാടകക്കാരൻ കൂടിയായ മഹേഷ് ഭൂപതി എക്സിൽ കുറിച്ചത്.
ഐ.പി.എല്ലിൽ ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ഒരൊറ്റ ജയം മാത്രം നേടി പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. എപ്പോഴും മികച്ച താരനിര ഉണ്ടായിട്ടും ഫലപ്രദമായി കളത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാത്തതാണ് അവർക്ക് തിരിച്ചടിയാകുന്നതെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്. ഐ.പി.എല്ലിൽ ആർ.സി.ബിക്ക് ഇതുവരെ ചാമ്പ്യന്മാരാകാൻ കളിഞ്ഞിട്ടില്ല.
സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 287 റൺസാണ് അടിച്ചുകൂട്ടിയത്. ട്രാവിസ് ഹെഡിന്റെ അത്യുജ്വല സെഞ്ച്വറിക്കും (41 പന്തിൽ 102) ഹെന്റിച്ച് ക്ലാസന്റെ ഉശിരൻ അർധശതകത്തിനും (31 പന്തിൽ 67) പുറമെ ബാറ്റിങ്ങിനിറങ്ങിയ അഭിഷേക് ശർമയും (34), എയ്ഡൻ മർക്രാമും (32 നോട്ടൗട്ട്), അബ്ദുൽ സമദുമെല്ലാം (37 നോട്ടൗട്ട്) അടിച്ചുതകർത്തതോടെയാണ് റെക്കോഡും മറികടന്ന് സ്കോർ കുതിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു ധീരമായി പോരാടിയാണ് കീഴടങ്ങിയത്. 35 പന്തിൽ 83 റൺസടിച്ച ദിനേശ് കാർത്തികും ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയും (28 പന്തിൽ 62) വിരാട് കോഹ്‍ലിയും (20 പന്തിൽ 42) തകർത്തടിച്ചപ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണ് പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.