ആഷസ് ക്രിക്കറ്റ് പരമ്പരയുടെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോയുടെ വിവാദ ഔട്ടിനെ ചൊല്ലിയുള്ള ‘പോര്’ അവസാനിക്കുന്നില്ല. താരങ്ങൾക്കും മുൻ ക്രിക്കറ്റർമാർക്കുമൊപ്പം ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.
തിങ്കളാഴ്ച ഇറങ്ങിയ ഇംഗ്ലീഷ് പത്രങ്ങൾ ആസ്ട്രേലിയൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. ഇതിന് മറുപടിയുമായി ഇംഗ്ലീഷ് ടീമിനെ പരിഹസിച്ച് ചൊവ്വാഴ്ച ആസ്ട്രേലിയൻ മാധ്യമങ്ങളും രംഗത്തുവന്നു. ഇതിൽ ‘ദ വെസ്റ്റ് ആസ്ട്രേലിയൻ’ എന്ന പത്രത്തിന്റെ ഒന്നാം പേജ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ മുഖവും ചെറിയ കുട്ടിയുടെ ഉടലും വെച്ചുള്ള ചിത്രം ‘ക്രൈ ബേബീസ്’ എന്ന തലക്കെട്ടോടെ ഒന്നാം പേജിൽ ലീഡ് വാർത്തയായി വിന്യസിച്ചാണ് പത്രം പുറത്തിറങ്ങിയിരുന്നത്. ഈ രീതിയിൽ കളി ജയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വിവാദ ഔട്ടിൽ ബെൻ സ്റ്റോക്സ് പ്രതികരിച്ചിരുന്നു. ആസ്ട്രേലിയൻ ടീമിന്റെ നടപടി ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തതാണെന്ന അഭിപ്രായവുമായി മുൻ താരങ്ങളടക്കം നിരവധി പേരും സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി. ബെയർസ്റ്റോയുടെ അശ്രദ്ധക്കും വിമർശനമുണ്ടായിരുന്നു.
അഞ്ചാം ദിവസത്തെ ആദ്യ സെഷനിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 193 റണ്‍സില്‍ നില്‍ക്കെയാണ് വിവാദ പുറത്താകല്‍. 52ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ബെയ്ര്‍സ്റ്റോയുടെ അബദ്ധം. കാമറൂണ്‍ ഗ്രീനിന്റെ ഷോട്ട്‌ബാള്‍ ഒഴിഞ്ഞുമാറിയ ശേഷം ഡെഡ്ബാളാണെന്ന് കരുതി നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയര്‍സ്റ്റോയുടെ സ്റ്റമ്പ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി എറിഞ്ഞിട്ടു. ഇതോടെ ഓസീസ് താരങ്ങൾ ആഘോഷം തുടങ്ങുകയും ചെയ്തു. വിശ്വസിക്കാനാവാതെ ക്രീസിൽനിന്ന ബെയർസ്റ്റോ മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ പുറത്താവുകയും ചെയ്തു. ആസ്‌ട്രേലിയന്‍ ടീമാകട്ടെ ബെയ്ര്‍സ്റ്റോയെ തിരിച്ചുവിളിക്കാന്‍ തയാറായതുമില്ല. പിന്നാലെ ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് ഓസീസ് താരങ്ങളോട് പലതവണ കയർക്കുന്നത് കാണാമായിരുന്നു.
വിവാദ ഔട്ടിന് ശേഷം ഉച്ചഭക്ഷണത്തിനായി ഓസീസ് താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഉസ്‌മാന്‍ ഖ്വാജയുമായി ലോഡ്സ് ഗ്രൗണ്ടിന്റെ ഉടമകളായ എം.സി.സി അംഗങ്ങളില്‍ ചിലര്‍ ലോങ് റൂമില്‍ വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതും ഏറെ വിവാദങ്ങളുണ്ടാക്കി. ഇതിന് പിന്നാലെ മാപ്പ് ചോദിച്ച് എം.സി.സി രംഗത്തെത്തുകയും മൂന്നുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഉച്ചഭക്ഷണത്തിനായി ലോങ് റൂമിലൂടെ നടക്കുമ്പോള്‍ ഉസ്‌മാന്‍ ഖ്വാജയെ എം.സി.സി അംഗങ്ങളില്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ സഹതാരം ഡേവിഡ് വാര്‍ണര്‍ ഇടപെടുന്നതിന്റെയും എം.സി.സി അംഗങ്ങളുമായി തര്‍ക്കിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ സുരക്ഷ അംഗങ്ങളെത്തി താരങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയി. ഓസീസ് താരങ്ങള്‍ കോണിപ്പടി കയറിപ്പോകുമ്പോള്‍ എം.സി.സി അംഗങ്ങളില്‍ ചിലര്‍ കൂവിവിളിക്കുകയും ചെയ്തു. സംഭവത്തില്‍ ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് അംഗങ്ങളെ എം.സി.സി സസ്‌പെന്‍ഡ് ചെയ്‌തത്.
പുറത്താക്കൽ നിയമപരമാണെന്ന വാദവുമായി ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടീമിനെ ന്യായീകരിച്ചിരുന്നു. നേരത്തെ പലതവണ ബെയർസ്റ്റോ ക്രീസിൽനിന്ന് ഇറങ്ങുന്നത് കണ്ടിരുന്നെന്നും അവസരം ലഭിച്ചപ്പോൾ അലക്സ് ക്യാരി ഉപയോഗപ്പെടുത്തുകയായിരുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.