അബൂദബി: കൂറ്റൻ സ്കോർ നേടിയിട്ടും ഐ.പി.എല്ലിന്റെ പ്ലേ ഓഫിൽ ഇടംപിടിക്കാതെ മുംബൈ പുറത്ത്. ആദ്യം ബാറ്റ് ചെയ്ത് 235 റൺസാണ് മുംബൈ അടിച്ചു കൂട്ടിയത്. എന്നാൽ, സൺറൈസേഴ്സിനെതിരെ 171 റൺസിന്റെയെങ്കിലും ജയം വേണ്ടിയിരുന്ന മുംബൈക്ക് അത് നേടാനായില്ല.
തട്ടുപൊളിപ്പൻ ബാറ്റിങ്ങുമായി ഇഷാൻ കിഷനും (32 പന്തിൽ 84) സൂര്യകുമാർ യാദവും (40 പന്തിൽ 82) കത്തിക്കയറിയപ്പോൾ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 235 റൺസടിച്ചു. മുംബൈയുടെ ഐ.പി.എല്ലിലെ ഏറ്റവുമുയർന്ന ടോട്ടലാണിത്.
ക്യാപ്റ്റൻ രോഹിത് ശർമ (18), ഹർദിക് പാണ്ഡ്യ (10), കീറൺ പൊള്ളാർഡ് (13), ജെയിംസ് നീഷം (0), ക്രുനാൽ പാണ്ഡ്യ (9), നതാൻ കോർട്ടർ നൈൽ (3), പിയൂഷ് ചൗള (0) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ.വമ്പൻ സ്കോർ അനിവാര്യമായതിനാൽ തുടക്കം മുതൽ അടിച്ചുകളിക്കുകയായിരുന്നു മുംബൈ. 7.1 ഒാവറിൽ 100 കടന്ന മുംബൈ ഇന്നിങ്സിന് ഇടക്ക് ഹൈദരാബാദ് ബൗളർമാർ ബ്രേക്കിട്ടെങ്കിലും അവസാനഘട്ടത്തിൽ തകർത്തടിച്ച സൂര്യകുമാർ ടോട്ടൽ 235ലെത്തിച്ചു.
കിഷൻ നാലു സിക്സും 11 ഫോറും സൂര്യകുമാർ മൂന്നു സിക്സും 13 ബൗണ്ടറിയും പായിച്ചു. ഹൈദരാബാദിനായി ജാസൺ ഹോൾഡർ നാലും റാഷിദ് ഖാൻ, അഭിഷേക് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഉംറാൻ മാലിക് ഒരു വിക്കറ്റുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.