പൂജ്യത്തിൽനിന്ന് 150ലേക്ക്; അഥവാ ഹാരിസിന്‍റെ ജൈത്രയാത്ര

തു പാകിസ്താൻ ബൗളറെയും പോലെ ടേപ്പ് ബാളിലാണ് ഹാരിസ് റൗഫും എറിഞ്ഞുതുടങ്ങിയത്. റാവൽപിണ്ടിയിലെ ഇടുങ്ങിയ ഗലികളിൽനിന്ന് ക്ലബ് ക്രിക്കറ്റിലേക്കും അവിടെ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുമുള്ള ഹാരിസിന്‍റെ യാത്ര അദ്ഭുതകരമാണ്. സാധാരണ പാകിസ്താൻ കളിക്കാരുടെ നിലവാരത്തിൽ അൽപം വൈകിയാണ് ഹാരിസ് ടീമിലെത്തുന്നത്. പക്ഷേ, ഷഹീൻ ഷാ അഫ്‍രീദി കളംനിറഞ്ഞുനിൽക്കുന്ന പാക് ബൗളിങ് നിരയിൽ നിന്ന് കുറഞ്ഞകാലം കൊണ്ട് ലോകം ശ്രദ്ധിക്കുന്ന മുൻനിര ബൗളറാകാൻ ഹാരിസിന് കഴിഞ്ഞു. സ്പെല്ലിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും ഒരേപോലെ 150 കിലോമീറ്ററിന് (90-95 മൈൽ) മുകളിൽ വേഗത നിലനിർത്താൻ കഴിയുന്നുവെന്നതാണ് ഹാരിസിന്‍റെ പ്രത്യേകത.

റാവൽപിണ്ടിയിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള ഒരു വെൽഡിങ് തൊഴിലാളിയുടെ ഏഴുമക്കളിലൊരാളായാണ് ഹാരിസിന്‍റെ ജനനം, 1993ൽ. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന പിതാവ് അറിയാതെ ടേപ് ബാൾ കളികൾക്കായി ഹാരിസ് ഓടിനടന്നു. അതിവേഗത്തിൽ പന്തെറിയുന്ന ഹാരിസ് ഒരു പ്രാദേശിക സൂപ്പർ സ്റ്റാറായിരുന്നു. ലോക്കൽ ക്ലബുകൾക്ക് വേണ്ടി കളിക്കാൻ പോകുന്നതുകൊണ്ട് അത്യാവശ്യം ചില്ലറ തടയുകയും ചെയ്യും.

കോളജിലെ ഫീസ് കൊടുക്കുന്നതിനുള്ള കാശുണ്ടാക്കാനാണ് കളിക്കാനിറങ്ങിയിരുന്നതെന്ന് ക്രിക്ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ ഹാരിസ് പറയുന്നു. ഇടക്കാലത്ത് മാർക്കറ്റിലും ജോലിക്ക് പോയിരുന്നു. ഞായറാഴ്ചകളിൽ റോഡിൽ സ്നാക്സ് വിറ്റു. ടേപ് ബാൾ ക്രിക്കറ്റിലെ തരക്കേടില്ലാത്ത ഒരു താരത്തിന് പാകിസ്താനിൽ മാസം 2-2.5 ലക്ഷം രൂപ സുഖമായി സമ്പാദിക്കാം. കോളജിൽ ഒരു സെമസ്റ്ററിന് 80,000 രൂപക്ക് അടുത്താണ് ഫീസ്. ആവശ്യത്തിനുള്ള പണമെടുത്ത ശേഷം ബാക്കി ഉമ്മയുടെ കൈയിൽ കൊടുക്കും.

അങ്ങനെയിരിക്കെയാണ് ഗുജ്റൻവാലയിൽ ദേശീയതല സെലക്ഷൻ ട്രയൽ നടക്കുന്ന വിവരമെത്തിയത്. ആ ദിവസം രാവിലെ വീട്ടിൽ ആരോടും പറയാതെ ഗുജ്റൻവാലയിലേക്ക് വെച്ചുപിടിച്ചു. കൈയിൽ ആകെയുള്ളത് സ്പൈക് ഇല്ലാത്ത ഷൂസ് മാത്രം. മേഖലയിലെ ഒട്ടുമിക്ക ലോക്കൽ കളിക്കാരും ട്രയൽസിന് എത്തുന്നുണ്ട്. ഹാരിസിനൊപ്പവുമുണ്ട് ഒരുസംഘം. അതിഭീകരമായി കളിക്കാർ ഇടിച്ചുകയറിയതോടെ ട്രയൽസ് നടക്കുന്ന ഗ്രൗണ്ടിന്‍റെ ഗേറ്റ് രാവിലെ 11.30ഓടെ പൂട്ടി. ഹാരിസും കൂട്ടുകാരും എത്തിയപ്പോൾ പൂട്ടികിടക്കുന്ന ഗേറ്റാണ് കണ്ടത്.

എങ്ങനെയും ഉള്ളിൽ കയറണമെന്നുറപ്പിച്ച് ഗ്രൗണ്ടിന് ചുറ്റും വലംവെച്ചു. ഒരുഗേറ്റിലെ പൂട്ടിന് വലിയ ഉറപ്പില്ലാത്ത പോലെ. പതിയെ അതങ്ങ് ഇളക്കി ഉള്ളിൽ കയറി, അവിടെ തടിച്ചുകൂടിയ അസംഖ്യം യുവാക്കൾക്കൊപ്പം നിന്നു. ഓരോ റൗണ്ട് കഴിയുമ്പോഴും നൂറുകണക്കിന് പേർ പുറത്തായിക്കൊണ്ടിരുന്നു. ഹാരിസിന് ഒപ്പമുള്ളവരെല്ലാം പല റൗണ്ടുകളിൽ പുറത്തായി. ഹാരിസും കൂടി പുറത്തായിട്ട് പോകാൻ കാത്തുനിൽക്കുകയാണ് അവർ. ഹാരിസാകട്ടെ, ഓരോ റൗണ്ട് കഴിഞ്ഞും മുന്നോട്ടുപോകുകയാണ്. സെലക്ഷന് മേൽനോട്ടം വഹിക്കാൻ മുൻ പാക് താരം അക്വിബ് ജാവേദും പ്രാദേശിക പരിശീലകൻ താഹിർ മുഗളും എത്തിയിട്ടുണ്ട്.

താഹിർ മുഗളിന്‍റെ കൈവശം ഒരു സ്പീഡ് ഗണ്ണുമുണ്ട്. ട്രയൽസിന് വന്ന ബൗളർമാരെല്ലാം 83-84 മൈൽ സ്പീഡിലാണ് എറിയുന്നത്. ഹാരിസിന്‍റെ ആദ്യ ബോൾ സ്പീഡ് ഗണ്ണിൽ 88 മൈൽ രേഖപ്പെടുത്തി. താഹിർ മുഗളിന് വിശ്വസിക്കാനായില്ല. മെഷീൻ തകരാറെന്ന് കരുതി വീണ്ടും എറിയാൻ ഹാരിസിനോട് പറഞ്ഞു. ഇത്തവണ 91. പിന്നീടുള്ള പല പന്തുകളും 93 (150 കി.മീ) തൊട്ടു. മുഗൾ ഉടനെ ആക്വിബ് ജാവേദിനെ വിവരം അറിയിച്ചു. ആക്വിബ് വന്ന് ഹാരിസിന്‍റെ ബൗളിങ് നേരിൽ കണ്ടു. അതോടെ മാറി നിൽക്കാൻ അക്വിബ് നിർദേശിച്ചു. ആ ദിവസത്തെ സെലക്ഷൻ ട്രയലിന്‍റെ ലക്ഷ്യം ഹാരിസിനെ കണ്ടെത്തിയയോടെ പൂർത്തിയായെന്ന് പിന്നീട് ആക്വിബ് പറഞ്ഞു.

ഹാരിസിന്‍റെ തലവര അവിടെ മാറുകയായിരുന്നു. ലാഹോർ കലന്തർ ടീമിലേക്കും അവിടെ നിന്ന് ആസ്ട്രേലിയയിലെ മെൽബൺ സ്റ്റാർ ടീമിലേക്കും ഹാരിസ് എറിഞ്ഞുകയറി. വൈകാതെ പാകിസ്താൻ ദേശീയ ടീമിലേക്കും. സ്ഥിരമായി 150 കി.മീ വേഗതയിൽ എറിയുന്നതിനാൽ വിളിപ്പേരും ‘150’ എന്നാണ്.

Tags:    
News Summary - The rise and rise of Haris Rauf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT