വി.ഐ.പി പരിവേഷമില്ലാതെ വിമാനത്തിൽ സാധാരണക്കാരനായി കോഹ്ലി; അമ്പരന്ന് സഹയാത്രികർ -വിഡിയോ വൈറൽ

കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിലാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്‍റെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പം സൂപ്പർബാറ്റർ വിരാട് കോഹ്ലി എത്തിയത്. ലോകകപ്പിൽ മികച്ച ഫോമിലുള്ള കോഹ്ലി റൺവേട്ടയിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്‍റൺ ഡികോക്കിനു പിന്നിൽ രണ്ടാമതാണ്.

ഈ ലോകകപ്പിൽ തന്നെ 50ാം സെഞ്ച്വറി നേടി സചിനെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെ കോഹ്ലിയുടെ വിമാനയാത്രയും വൈറലായി. ആഭ്യന്തര വിമാനത്തിൽ വി.ഐ.പി പരിവേഷമില്ലാതെ ഒരു സാധാരണ യാത്രക്കാരനായി ഇരിക്കുന്ന കോഹ്ലിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

സമീപത്തെ യാത്രക്കാർ സൂപ്പർതാരത്തെ തിരിച്ചറിഞ്ഞതോടെ അവരുടെ മുഖത്ത് അമ്പരപ്പും സന്തോഷവും. പിന്നാലെ താരത്തിനൊപ്പം ഫോട്ടോയെടുക്കാനും ചിത്രം പകർത്താനുമുള്ള തിരക്കായിരുന്നു. മാസ്ക് ധരിച്ചാണ് താരം എത്തിയതെങ്കിലും സഹയാത്രികർ പെട്ടെന്നുതന്നെ കോഹ്ലിയെ തിരിച്ചറിഞ്ഞു. 49 ഏകദിന സെഞ്ച്വറികളാണ് സചിനും കോഹ്ലിയും നേടിയത്.

277 ഇന്നിങ്സുകളിലാണ് താരം ഇത്രയും സെഞ്ച്വറി നേടിയത്. എന്നാൽ, സചിൻ 452 ഇന്നിങ്സുകളിലാണ് (463 മത്സരം) 49 സെഞ്ച്വറി നേട്ടം കൈവരിച്ചത്. 35ാം ജന്മദിനത്തിലാണ് റെക്കോഡ് സെഞ്ച്വറി നേട്ടം കൈവരിച്ചതെന്നത് താരത്തിന് ഇരട്ടി മധുരം നൽകുന്നു. ജന്മദിനത്തിൽ സെഞ്ച്വറി നേടിയ അപൂർവ താരങ്ങളുടെ പട്ടികയിലും കോഹ്ലിക്ക് ഇടംപിടിക്കാനായി.

ദക്ഷിണാഫ്രിക്കയെ 83 റൺസിന് ഓൾ ഔട്ടാക്കിയ മത്സരത്തിൽ 243 റൺസിന്‍റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കോഹ്‍ലി 121 പന്തിൽ പത്ത് ഫോറടക്കം 101 റൺസെടുത്ത് പുറത്താവാതെ നിന്നു. കളിച്ച എട്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിക്കുകയും ചെയ്തു. നെതർലൻഡ്സാണ് ഇനി അടുത്ത എതിരാളികൾ.

Tags:    
News Summary - Travelers Stunned As Virat Kohli Boards Domestic Flight. Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.