മുംബൈ: ഇതിഹാസ താരം സചിൻ ടെണ്ടുൽകറുടെ മകൻ അർജുൻ ടെണ്ടുൽകറെ ഐ.പി.എൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതിനുപിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോൾമഴ. രാജ്യത്തെ കഴിവുറ്റ നിരവധി താരങ്ങൾക്ക് കയറിപ്പറ്റാനാവാത്ത ഐ.പി.എല്ലിന്‍റെ ക്രീസിലേക്ക് താരപുത്രൻ വലതുകാൽവെച്ച് കയറുേമ്പാൾ സ്വജനപക്ഷപാതിത്വത്തിന്‍റെ ആരോപണങ്ങളും ഉയരുകയാണ്. ഐ.പി.എൽ കരിയറിൽ സചിന്‍റെ സ്വന്തം ടീമായിരുന്ന മുംബൈ ഇന്ത്യൻസിന്‍റെ ഉടമകൾ അദ്ദേഹവുമായി ഏറെ അടുപ്പമുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പാണ്. സചിനോടുള്ള താൽപര്യത്താലാണ് അേദ്ദഹത്തിന്റെ മകനെ അടിസ്ഥാനവിലയായ 20 ലക്ഷം രൂപ നൽകി മുംബൈ ഇന്ത്യൻസ് ഉടമകൾ സ്വന്തമാക്കിയതെന്നാണ് നെറ്റിസൺസിന്‍റെ വാദം.
കർഷക സമരത്തെ അനുകൂലിച്ച് പോപ് ഗായിക റിയാന ട്വീറ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര സർക്കാർ തുടക്കമിട്ട 'ഇന്ത്യ എഗയിൻസ്റ്റ് പ്രെപഗാൻഡ' കാമ്പയിനിൽ അണിചേർന്ന സചിൻ ടെണ്ടുൽക്കർ ഈയിടെ കടുത്ത വിമർശനത്തിന് പാത്രമായിരുന്നു. ഇതുമായി കൂട്ടിക്കെട്ടിയാണ് അർജുന്‍റെ മുംബൈ ഇന്ത്യൻസ് പ്രവേശത്തെ ആളുകൾ ട്രോളിൽ മുക്കുന്നത്. അർജുനെ ലേലത്തിൽ മുംബൈക്കാർ സ്വന്തമാക്കിയതിനു പിന്നാലെ ട്വിറ്ററിൽ ഇത് ട്രെൻഡിങ്ങായി.
'സചിൻ ടെണ്ടുൽകറെ ബി.ജെ.പി വാങ്ങി, അർജുൻ ടെണ്ടുൽകറെ അംബാനിയും' എന്നാണ് 'ദ ബാഡ് എഞ്ചിനീയർ' എന്ന സറ്റയറിക്കൽ പ്രൊഫൈലിൽ ധ്രുവ് എന്നയാൾ കുറിച്ചത്. മണിക്കൂറുകൾക്കകം നിരവധി ലൈക്കുകളാണ് ഇതിന് ലഭിച്ചത്.
'അർജുൻ ടെണ്ടുൽകറെ ലേലത്തിൽ ആരെങ്കിലും വാങ്ങുമോ എന്ന് ഉറപ്പില്ല. എന്നാൽ, ഐ.പി.എൽ 2021 ലേലത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും സചിൻ ടെണ്ടുൽകർ ഇതിനകം വിറ്റുപോയിരിക്കുന്നു' -അങ്കിത് മായങ്ക് എന്നയാൾ ലേലത്തിന് മുമ്പ് ട്വീറ്റ് ചെയ്തത് ഇങ്ങനെ. അർജുൻ ടെണ്ടുൽകറെക്കാൾ അർഹതയുള്ള ഒരുപാട് താരങ്ങൾ അവസരം കിട്ടാതെ പുറത്തിരിക്കുന്നുവെന്നും പലരും ട്വീറ്റ് ചെയ്തു.
'സചിന് അദ്ദേഹത്തിന്‍റെ ട്വീറ്റിനുള്ള പ്രതിഫലം കിട്ടി' എന്നായിരുന്നു സൂരജ് എന്നയാൾ ട്വിറ്ററിൽ കുറിച്ചത്. 'അർജുൻ ടെണ്ടുൽകറുടെ ടീം പ്രവേശം സ്വജനപക്ഷപാതിത്വത്തിന്‍റെ തെളിവാണെ'ന്ന് പറഞ്ഞ് കങ്കണ റണാവത്ത് എേപ്പാൾ എത്തുമെന്ന ചോദ്യവും പലരിൽനിന്നായി ഉയർന്നു.
ഇതിനിടെ മലയാളിതാരം സചിൻ ബേബിയെ സചിന്‍റെ മകനെന്ന് തെറ്റിദ്ധരിച്ചാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയതെന്ന ട്രോളും ട്വിറ്ററിൽ നിറഞ്ഞു. 'സചിന്‍റെ ബേബി'യാണെന്ന് ചിന്തിച്ച് ടീമിലെടുത്തെന്നായിരുന്നു ട്രോളുകളിൽ. 'ആരും തെറ്റിധരിക്കരുത്, സചിൻ ബേബിയും അർജുൻ ടെണ്ടുൽകറും വ്യത്യസ്ത കളിക്കാരാണ്' എന്നായിരുന്നു ഒരു ട്വീറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.