തിരുവനന്തപുരം: സർവിസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ലീഡ് നേടാൻ പരിശ്രമിച്ച് കേരളം. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ രണ്ടാംദിനത്തിലെ കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് മാത്രം ശേഷിക്കെ സർവിസസിന് കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറിനൊപ്പം എത്താൻ 160 റൺസ് കൂടി വേണം.
സച്ചിൻ ബേബിയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റൻ സിജോമോൻ ജോസഫിന്റെ അർധ സെഞ്ച്വറിയുടെയും മികവിൽ നേടിയ കേരളത്തിന്റെ 327 റൺസിന് മറുപടിയായി സർവിസസ് ആറ് വിക്കറ്റിന് 167 എന്ന നിലയിലാണ്. ആറിന് 254 സ്കോറിൽ രണ്ടാംദിനം കളി ആരംഭിച്ച ആതിഥേയരെ 308 പന്ത് നേരിട്ട് 159 റൺസ് നേടിയ സച്ചിൻബേബിയുടെയും 55 റൺസ് നേടിയ സിജോമോൻ ജോസഫിന്റെയും ബാറ്റിങ് മികവാണ് മാന്യമായ സ്കോറിലെത്തിച്ചത്.
ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് തീർത്ത 131 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന് സഹായകമായത്. 311ലെത്തിയപ്പോൾ സിജോമോനെ എം.എസ്. രഥി എൽ.ബി.ഡബ്ല്യുവിൽ കുടുക്കി. ഒരുറൺ കൂടി സ്കോർ ബോർഡിൽ ചേർക്കുംമുമ്പ് സച്ചിൻബേബി റണ്ണൗട്ടായതോടെ കേരളത്തിന്റെ പതനം ആരംഭിച്ചു. ബേസിൽ തമ്പി പൂജ്യത്തിനും എം.ഡി. നിഥിഷ് 11 റൺസിനും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് പൂർത്തിയായി. വൈശാഖ് ചന്ദ്രൻ നാല് റൺസുമായി പുറത്താകാതെനിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സർവിസസിന് ഓപണർമാരായ എസ്.ജി. റോഹിളയും സുഫിയൻ ആലമും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ സ്കോർ 48ലെത്തിയപ്പോൾ 18 റൺസെടുത്ത സുഫിയനെ വിക്കറ്റിന് മുന്നിൽ കുടുക്കി വൈശാഖ് ചന്ദ്രൻ കേരളത്തിന് ആദ്യ നേട്ടമുണ്ടാക്കി.
പിന്നാലെ 31 റൺസെടുത്ത റോഹിളയെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി ജലജ് സക്സേനയും മത്സരം ആതിഥേയരുടെ നിയന്ത്രണത്തിലാക്കി. സ്കോർ 79ലെത്തിയപ്പോൾ 19 റൺസ് നേടിയ രാഹുൽസിങ് ഗഹ്ലോട്ടിനെ വൈശാഖ് ചന്ദ്രൻ പുറത്താക്കി. 11 റൺസ് നേടിയ ക്യാപ്റ്റൻ രജത് പലിവാളിനെ വിക്കറ്റ് കീപ്പർ പി. രാഹുലിന്റെ കൈകളിലെത്തിച്ച് നിഥീഷും മത്സരം കേരളത്തിന് അനുകൂലമാക്കി.
50 റൺസ് നേടി കേരള ബൗളർമാർക്ക് വെല്ലുവിളി സൃഷ്ടിച്ച രവി ചൗഹാനെ വിക്കറ്റിന് മുന്നിൽ കുടുക്കി സിജോമോൻ മത്സരം തിരിച്ചുപിടിച്ചു. 12 റൺസ് നേടിയ എൽ.എസ്. കുമാറിനെ ക്ലീൻബൗൾഡാക്കി ജലജ് സക്സേനയും ഒപ്പംകൂടി.
രണ്ടാംദിനത്തിലെ കളി അവസാനിക്കുമ്പോൾ സർവിസസിന് വേണ്ടി 10 റൺസുമായി പുൾകിത് നാരങ്കും എട്ട് റൺസുമായി എം.എസ്. രഥീയുമാണ് ക്രീസിൽ. കേരളത്തിനായി ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ എന്നിവർ രണ്ട് വീതവും സിജോമോൻ ജോസഫും എം.ഡി. നിഥീഷും ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.