കീഴടങ്ങാതെ ലൊംറോർ (122*); കേരളത്തിന് ജയിക്കാൻ 268 റൺസ്

രാജ്കോട്ട്: മഹിപാൽ ലൊംറോറിന്റെ അപരാജിത കുതിപ്പിന് തടയിടാൻ കേരളത്തിന് കഴിഞ്ഞില്ല. 114 പന്തിൽ ആറു വീതം ഫോറും സിക്സുമായി പുറത്താകാതെ 122 റൺസെടുത്ത ലൊംറോറിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ കേരളത്തിനെതിരെ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ രാജസ്ഥാൻ 268 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ചു. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 267 റൺസെടുത്തത്.

ലൊംറോറും അഞ്ചാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുയർത്താൻ ഒപ്പംനിന്ന കുനാൽ സിങ് രാത്തോഡും (66) ഒഴികെ മറ്റാർക്കും തിളങ്ങാൻ കഴിയാതെപോയ ഇന്നിങ്സിൽ ഇരുവരും കേരള ബൗളർമാർക്കുമേൽ നേടിയ മാനസിക മുൻതൂക്കമാണ് താരതേമ്യന മികച്ച ടോട്ടലിലേക്ക് രാജസ്ഥാനെ നയിച്ചത്. നാലു വിക്കറ്റിന് 108 റൺസെന്ന നിലയിൽ പരുങ്ങിയ ഘട്ടത്തിൽ ക്രീസിൽ ഒത്തുചേർന്ന ഇരുവരും അഞ്ചാം വിക്കറ്റിൽ വിലപ്പെട്ട 116 റൺസ് ചേർത്തു.

ഓപണർമാരായ അഭിജീത് തൊമാറിനെയും (15) ആർ.ബി. ചൗഹാനെയും (18) നിലയുറപ്പിക്കുംമുമ്പെ തിരിച്ചയച്ച് പുതുമുഖ ബൗളർ അഖിൻ സത്താറാണ് കേരളത്തിന് മികച്ച ബ്രേക്ത്രൂ നൽകിയത്. ക്യാപ്റ്റൻ ദീപക് ഹൂഡയെ (13) ശ്രേയസ് ഗോപാലും കരൺ ലാംബയെ (ഒമ്പത്) വൈശാഖ് ചന്ദ്രനും പുറത്താക്കിയതോടെ 28.3 ഓവറിൽ സ്കോർ നാലിന് 108. ഈ ഘട്ടത്തിൽ ഒത്തുചേർന്ന ലൊംറോർ-രാത്തോഡ് സഖ്യം ജാഗ്രതയോടെ നിലയുറപ്പിക്കുകയായിരുന്നു.

52 പന്തിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കം 66 റൺസെടുത്ത രാത്തോഡ് സ്കോർ 224ലെത്തിയപ്പോൾ വീണു. അഖിന്റെ പന്തിൽ വിക്കറ്റിനുപിന്നിൽ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച്. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ലൊംറോർ ഇന്നിങ്സിന് പ്രതീക്ഷിച്ചതിലും ഏറെ ദൈർഘ്യമേറ്റുകയായിരുന്നു. അവസാന രണ്ടോവറിൽ മാത്രം 28 റൺസാണ് രാജസ്ഥാൻ സ്കോർബോർഡിലെത്തിയത്.

അഖിൻ സത്താർ മൂന്നു വിക്കറ്റെടുത്തപ്പോൾ ബേസിൽ തമ്പി രണ്ടു വിക്കറ്റ് സ്വന്തമാക്കി. അഖിൽ സ്കറിയയും വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീഴ്ത്തി. സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതിനാൽ രോഹൻ എസ്. കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്.

Tags:    
News Summary - Vijay Hazare Trophy: 268 runs for Kerala to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.