മുംബൈ: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ തേടി കേരളം ഇന്ന് കരുത്തരായ മഹാരാഷ്ട്രക്കെതിരെ. ഏഴു മത്സരങ്ങളിൽ 20 പോയന്റുമായി തുല്യത പാലിച്ചാണ് ശനിയാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഇരുടീമുകളും മുഖാമുഖം വരുന്നത്.
വിജയക്കുതിപ്പുമായി അനായാസം ക്വാർട്ടർ പ്രതീക്ഷിച്ചതിനൊടുവിൽ റെയിൽവേക്കു മുന്നിൽ 18 റൺസ് തോൽവി വഴങ്ങിയതോടെയായിരുന്നു സഞ്ജുവിനും സംഘത്തിനും നേരിട്ടുള്ള ക്വാർട്ടർ പ്രവേശനം മുടങ്ങിയത്. അവസാന മത്സരത്തിൽ സഞ്ജു 128 റൺസുമായി മികച്ച കളി കെട്ടഴിച്ചെങ്കിലും വിഫലമായി. പിൻനിരയിൽ ശ്രേയസ് ഗോപാൽ 53 റൺസ് കുറിച്ചിട്ടും ടീം 256 റൺസ് ലക്ഷ്യത്തിനു മുന്നിൽ വീണു.
സചിൻ ബേബി, വിഷ്ണു വിനോദ്, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങി വലിയ താരനിരയുണ്ടായിട്ടും ബാറ്റിങ് താളം കണ്ടെത്താൻ വിഷമിക്കുന്നതാണ് ടീമിന് വെല്ലുവിളി ഉയർത്തുന്നത്. എന്നാൽ, ബൗളിങ്ങിൽ സ്കറിയ, അഖിൻ സത്താർ തുടങ്ങിയവർ മിന്നും ഫോം തുടരുന്നത് പ്രതീക്ഷ പകരുന്നതാണ്. മറുവശത്ത്, 2022ലെ റണ്ണറപ്പായ മഹാരാഷ്ട്ര കേദാർ ജാദവിനു കീഴിലാണ് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യനായ സൗരാഷ്ട്രയെ അട്ടിമറിച്ചെത്തുന്ന കേരളത്തിന് അടുത്ത വെല്ലുവിളിയായ മഹാരാഷ്ട്ര കൂടി കടന്നാൽ കാര്യങ്ങൾ എളുപ്പമാകും. ഇതിലെ വിജയികൾക്ക് ക്വാർട്ടറിൽ ഹരിയാനയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.