ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ റെയിൽവേസിനോട് 18 റൺസിന് തോറ്റെങ്കിലും ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കേരളത്തിന് നഷ്ടമായിരുന്നില്ല. അഞ്ചു ഗ്രൂപ്പുകളുള്ള ടൂർണമെന്റിൽ ഗ്രൂപ്പ് എ യിൽ ഏഴിൽ അഞ്ചും ജയിച്ച കേരളം 20 പോയിന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള മുംബൈക്ക് 20 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കൂടുതലുള്ള കേരളം തന്നെയാണ് പട്ടികയിൽ മുന്നിൽ.
എന്നാൽ, ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുന്ന മുംബൈ നേരിട്ട് ക്വാർട്ടറിൽ പ്രവേശിച്ചെങ്കിലും കേരളത്തിന് ഒരു പ്രീ ക്വാർട്ടർ മത്സരം കൂടി ജയിച്ചാലെ ക്വാർട്ടറിലെത്താൻ പറ്റൂ. സാധാരണ പോയിന്റ് നില തുല്യമാണെങ്കിൽ നെറ്റ് റൺറേറ്റുള്ള ടീമാണ് ഗ്രൂപ്പ് ചാമ്പ്യൻമാരാകുക. എന്നാൽ ഇവിടെ കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്. ഒറ്റനോട്ടത്തിൽ വിചിത്രമെന്ന് തോന്നുമെങ്കിലും വിജയ് ഹസാരെയിലെ നോക്കൗട്ട് നിയമങ്ങൾ മനസിലാക്കിയാൽ കാര്യം പിടികിട്ടും.
എ മുതൽ ഇ വരെയുള്ള അഞ്ചു ഗ്രൂപ്പുകളിൽ ഒരോന്നിലും രണ്ടു ടീമുകൾ നോക്കൗട്ടിലേക്ക് പ്രവേശിക്കും. അതിൽതന്നെ അഞ്ച് ഗ്രൂപ്പുകളിൽ ഒന്നാമതെത്തുന്ന ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയും അവരുടെ പോയിന്റ്/വിജയങ്ങളുടെ എണ്ണം/നെറ്റ് റൺറേറ്റ് എന്നിവയെ അടിസ്ഥാനമാക്കി ഒന്ന് മുതൽ അഞ്ചു വരെ റാങ്കിങ് നൽകും.
ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായ ടീമുകളെ അവരുടെ പോയിന്റ്/വിജയങ്ങളുടെ എണ്ണം/നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കി ആറ് മുതൽ പത്ത് വരെ റാങ്ക് ചെയ്യും.
അങ്ങനെ പത്തിൽ ആറാം സ്ഥാനത്ത് എത്തുന്ന ടീമും ക്വാർട്ടറിലേക്ക് നേരിട്ട് കടക്കും. ഏഴ് മുതൽ പത്ത് വരെ റാങ്കിലുള്ള ടീമുകൾ പ്രീ ക്വാർട്ടർ ഫൈനൽ കളിച്ചുവേണം ക്വാർട്ടറിൽ ഇടം നേടാൻ.
ആദ്യ രണ്ടും സ്ഥാനങ്ങൾക്കായി രണ്ടും ടീമുകൾ ഒരേ പോയിന്റിൽ ഫിനിഷ് ചെയ്യുകയാണെങ്കിൽ, കൂടുതൽ വിജയങ്ങളുള്ള ടീമിനെ ഒന്നാമതായി പരിഗണിക്കും. അതും തുല്യമെങ്കിൽ പരസ്പരമുള്ള മത്സരത്തിൽ വിജയിൽ ആരാണോ അവർ ഒന്നാമതാകും. അതും തുല്യമെങ്കിൽ നെറ്റ് റൺറേറ്റ് പരിഗണിക്കും.
ഇനി കേരളത്തിന് എങ്ങനെയാണ് നേരിട്ട് യോഗ്യത നഷ്ടപ്പെട്ടത് എന്ന് നോക്കാം. ഗ്രൂപ്പ് എയിൽ കേരളത്തിനും മുംബൈക്കും തുല്യ പോയിന്റ് ആണ്. വിജയിച്ച കളികളും തുല്യമാണ്. നെറ്റ് റൺറേറ്റ് കേരളത്തിനാണെങ്കിലും അതിന് മുൻപേ പരിഗണിക്കുന്നത് പരസ്പരം മത്സരിച്ചപ്പോൾ ആര് ജയിച്ചുവെന്നതാണ്. കേരളത്തിനെതിരെ മുംബൈ ഗ്രൂപ്പ് ഘട്ടത്തിൽ വിജയിച്ചത് കൊണ്ട് മുംബൈ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് ക്വാർട്ടറിലെത്തി.
നോക്കൗട്ടിലെത്തിയ പത്തു ടീമുകളിൽ റാങ്കിങ് പ്രകാരം എട്ടാമതാണ് കേരളം. ആറാം റാങ്ക് ലഭിച്ചിരുന്നേൽ നേരിട്ടുള്ള യോഗ്യതക്ക് മറ്റൊരു സാധ്യത ഉണ്ടായിരുന്നെങ്കിലും അത് കർണാടക കൊണ്ടുപോയി. ഇനി മഹാരാഷ്ടക്കെതിരെ ഡിസംബർ ഒമ്പതിന് നടക്കുന്ന മത്സരം ജയിച്ചാൽ കേരളത്തിന് ക്വാർട്ടറിലെത്താം. മറ്റൊരു പ്രീ ക്വാർട്ടറിൽ ബംഗാൾ ഗുജറാത്തിനെ നേരിടും.
ഹരിയാന, രാജസ്ഥാൻ, വിദർഭ, കർണാടക, മുംബൈ, തമിഴ്നാട് എന്നീ ടീമുകളാണ് ക്വാർട്ടർ ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.