അഞ്ചു വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കോഹ്ലിക്ക് വിദേശത്ത് സെഞ്ച്വറി; സചിന്‍റെ റെക്കോഡ് മറികടന്നു!

പോര്‍ട്ട് ഓഫ് സ്പെയിന്‍: കരിയറിലെ 500ാം അന്താരാഷ്ട്ര മത്സരം അവിസ്മരണീയമാക്കി സൂപ്പർതാരം വിരാട് കോഹ്ലി. അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരം വിദേശത്ത് ഒരു സെഞ്ച്വറി നേടുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമാണ് കോഹ്ലി കരിയറിലെ 29ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്.

206 പന്തിൽ 121 റൺസെടുത്താണ് താരം പുറത്തായത്. റണ്ണൗട്ടാകുകയായിരുന്നു. താരത്തിന്‍റെ 76ാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണിത്. 2018 ഡിസംബറിലാണ് കോഹ്ലി അവസാനമായി വിദേശത്ത് ഒരു സെഞ്ച്വറി നേടിയത്. അന്ന് പെര്‍ത്തില്‍ ആസ്‌ട്രേലിയക്കെതിരേ 123 റണ്‍സെടുത്തിരുന്നു. 500 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. ഇതിഹാസ താരം സചിൻ തെണ്ടുൽക്കറിനെയാണ് മറികടന്നത്. സചിൻ 500 മത്സരങ്ങളിൽനിന്ന് 75 സെഞ്ച്വറികളാണ് നേടിയത്.

500ാം അന്താരാഷ്ട്ര മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തം പേരില്‍ ചേര്‍ത്തു. 180 പന്തിലാണ് താരം വിന്‍ഡീസിനെതിരെ മൂന്നക്കത്തിലെത്തിയത്. ഇതോടെ വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി. 12 സെഞ്ച്വറികൾ. മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കല്ലീസും കോഹ്ലിക്കൊപ്പമുണ്ട്. 13 സെഞ്ച്വറികളുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറാണ് ഒന്നാമത്.

2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ നാട്ടില്‍ 27ാം ടെസ്റ്റ് സെഞ്ച്വറി നേടിയ ശേഷം അടുത്ത സെഞ്ച്വറിക്കായി കോഹ്ലി കാത്തിരുന്നത് 1204 ദിവസങ്ങളാണ്. 2023 മാര്‍ച്ചില്‍ ആസ്‌ട്രേലിയക്കെതിരെയാണ് താരം കരിയറിലെ 28ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്.

Tags:    
News Summary - Virat Kohli Ends Long Wait For Overseas Test Ton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.