ലണ്ടൻ: ലോർഡ്സ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ടീമംഗങ്ങൾ പ്രകോപനം സൃഷ്ടിച്ചെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ലീഡ്സിൽ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് കോഹ്ലിയുടെ പ്രതികരണം.
എന്തായിരുന്നു ആദ്യ ടെസ്റ്റിൽ വർധിത വീര്യമേകിയത് എന്ന ചോദ്യത്തിന് കോഹ്ലിയുടെ മറുപടിയിങ്ങനെ : ''പ്രകോപിച്ചാൽ ഒരിഞ്ചും പിന്നോട്ട് പോകില്ലെന്ന് രണ്ടാം ടെസ്റ്റിന്‍റെ അഞ്ചാം ദിവസം ഞങ്ങൾ കാണിച്ചുകൊടുത്തു. ഞങ്ങൾ ജയത്തിനായി ഒന്നിച്ചിറങ്ങി. ഞങ്ങളെ നിസ്സാരരായി കാണാൻ ഒരു എതിർ ടീമിനെയും അനുവദിക്കില്ല. എന്തൊക്കെ മുന്നിൽ വന്നാലും ജയത്തിനായുള്ള എല്ലാ വഴിയും സ്വീകരിക്കുമെന്ന് ഞങ്ങൾക്കും അവർക്കും അറിയാം''
''എന്താണ് ഗ്രൗണ്ടിൽ പറഞ്ഞതെന്ന് ഞാൻ പറയുന്നില്ല. രണ്ട് ടീമും പറയുന്നത് പിടിക്കാൻ സ്റ്റംപ് മൈക്കും കാമറയും ഉണ്ട്. ഗ്രൗണ്ടിൽ വെച്ച് ഇംഗ്ലീഷ് താരങൾ പറഞ്ഞതാണ് ഞങ്ങൾക്ക് വർധിത വീര്യം നൽകിയത്'' -കോഹ്ലി പറഞ്ഞു.
പ്രതികരണവുമായി ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ലറും എത്തി. ''വിരാട് കോഹ്ലി ഒരു പോരാളിയാണ്. അദ്ദേഹം വെല്ലുവിളികൾ ഇഷ്ടപ്പെടുന്നു. നല്ല ബാറ്റ്സ്മാനുമാണ്. സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹത്തിനെതിരെ കളിക്കാൻ ഇഷ്ടമാണ്. അദ്ദേഹത്തിനെതിരെയും ടീമിനെതിരെയും കളിക്കുന്നത് ഹരമാണ്. ഞങ്ങൾ ആസ്വദിക്കുന്നു. ഞങ്ങളുടെ ഭാഗത്തും പോരാളികളുണ്ട്'' -ജോസ് ബട്ലർ പറഞ്ഞു.
ലോർഡ്സ് ടെസ്റ്റിനിടെ ജയിംസ് ആൻഡേഴ്സൺ, ജോസ് ബട്ലർ അടക്കമുള്ളവർ ഇന്ത്യൻ താരങ്ങളുമായി പലതവണ കോർത്തിരുന്നു. ഒടുവിൽ അഞ്ചാംദിനം അവിസ്മരണീയ പ്രകടനത്തിലൂടെ ത്രില്ലർ പോരിനൊടുവിൽ ഇന്ത്യ 89 റൺസ് ജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.